എലിപ്പനി രോഗികളുടെ എണ്ണം കൂടുന്നു ; മരണനിരക്ക് 6 ശതമാനം


കണ്ണൂർ :- എലിപ്പനി എന്ന ലെപ്റ്റോസ്പൈറോസിസ്  സംസ്ഥാനത്ത് സ്ഥിരസാന്നിധ്യമുള്ള ഏറ്റവും അപകടകാരിയായ പകർച്ചവ്യാധിയായി മാറി. വർഷാവർഷം രോഗികളുടെ എണ്ണം കൂടുന്നു. ഒപ്പം മരണങ്ങളും. അഞ്ചു വർഷത്തെ കണക്കെടുത്താൽ 6 ശതമാനമാണ് മരണനിരക്ക് എന്നത് ആശങ്കാജനകമാണ്. 2025-ൽ 6.8 ആയി. സ്വകാര്യ ആസ്പത്രികളിൽ ചികിത്സിക്കുന്ന രോഗികൾ, മരണനിരക്ക് എന്നിവകൂടി ചേർന്നാൽ ഈ സംഖ്യ ഇനിയും ഉയരും. ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തത്തിന് 0.3 ശതമാനവും ഡെങ്കിപ്പനിക്ക് 0.26 ശമാനവുമാണ് അഞ്ചുവർഷത്തെ മരണ നിരക്ക്.

രോഗം വരാൻ സാധ്യത കൂടുന്നതിനാൽ വയലിലും മലിനവെള്ളത്തിലും മറ്റും തൊഴിലെടുക്കുന്നവർക്ക് ബൂട്ടും കൈയുറയും തൊഴിൽവകുപ്പ് നിർബന്ധമാക്കണമെന്ന് പകർച്ചവ്യാധികളെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതി നിർദേശിച്ചിട്ടുണ്ട്. തൊഴിൽവകുപ്പ് വൈകാതെ ഇക്കാര്യത്തിൽ ഇടപെട്ടേക്കും. രോഗം വന്നവർ കൂടുതലുള്ളതും രോഗസാധ്യയുള്ളതുമായ ഹോട്ട്സ്പോട്ടുകൾ കണ്ടെത്താനും മാപ്പിങ് നടത്താനും ശുപാർശ ചെയ്തിട്ടുണ്ടെന്നും സമിതി ചെയർമാൻ ഡോ. എസ്.എസ് ലാൽ പറഞ്ഞു. പഠനത്തിന് സുതാര്യമായ ഡേറ്റ അനിവാര്യമാണെന്നും സ്വകാര്യ ആസ്പത്രിയിലെ കണക്കുകളും ലഭിക്കണമെന്നും അദ്ദേഹം പറയുന്നു.

80-കളുടെ അവസാനം ഒറ്റതിരിഞ്ഞ കേസുകളായിട്ടാണ് രോഗം പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ എല്ലാ ജില്ലകളിലും സ്ഥിരം സാന്നിധ്യമായി. ചികിത്സിച്ച് ഭേദമാക്കാനും പ്രതിരോധിക്കാനും ഡോക്സിസൈക്ലിൻ പോലുള്ള ഫലപ്രദമായ മരുന്നുണ്ടായിട്ടും എലിപ്പനി മരണകാരിയാകുന്നു. രോഗനിർണയത്തിലും ചികിത്സയിലുമുണ്ടാകുന്ന കാലതാമസമാണ് ഇതിന് കാരണം. രോഗം സങ്കീർണമായാൽ കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം എന്നീ ആന്തരികാവയവങ്ങളെ ബാധിക്കും. വീൽസ് സിൻഡ്രോം എന്ന അവസ്ഥ വരും.

Previous Post Next Post