മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ


തിരുവനന്തപുരം :- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ. റൗണ്ട്സ് നടത്തിയ ഡോക്ട‌ർക്കെതിരെയാണ് നടപടി. രോഗി പരിചരണത്തിൽ വീഴ്ച ഉണ്ടായെന്നാണ് റിപ്പോർട്ട്. അഞ്ച് ദിവസം മുറിവ് ഡ്രസ് ചെയ്‌തില്ലെന്നും ബന്ധുക്കളുടെ പരാതിയോട് മാന്യമായി പെരുമാറിയില്ലെന്നുമുള്ള കണ്ടെത്തലിലാണ് നടപടി. പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്റെ കാലിലാണ് പുഴുവരിച്ചത്. കഴിഞ്ഞ മാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. 

കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയപ്പോൾ അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബാംഗങ്ങൾ മുറിവിൽ പുഴു അരിക്കുന്നത് കണ്ടെത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യമന്ത്രി 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. സംഭവത്തിൽ * ഓർത്തോ ഐസിയുവിൽ രോഗികളുടെ പരിചരണത്തിന് നിയോഗിച്ചവർക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് വിദഗ്ധസമിതിയുടെ നിഗമനം. വിശദമായ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചു.

Previous Post Next Post