മയാമി :- 2026 ഫിഫ ലോകകപ്പിൽ നോക്കൗട്ട് യോഗ്യത ലക്ഷ്യമിടുന്ന അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് വൻ ആശ്വാസം. ഗ്രൂപ്പ് സി-യിലെ അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ സൂപ്പർ താരം നെയ്‌മർ കളിക്കുമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. മെയ് 17ന് സാന്റോസിനായി കളിക്കുന്നതിനിടെ വലതു കാലിന് പരിക്കേറ്റ 34 കാരനായ നെയ്മർക്ക് ലോകകപ്പിൽ ബ്രസീലിന്റെ ഇതുവരെയുള്ള മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. മൊറോക്കോ, ഹെയ്തി എന്നിവർക്കെതിരായ മത്സരങ്ങളിൽ നെയ്മർ കളിച്ചിരുന്നില്ല.
ഹെയ്തിക്കെതിരായ വിജയത്തിന് ശേഷം സംസാരിക്കവെയാണ് നെയ്‌മറുടെ പരിക്ക് ഭേദമായി വരികയാണെന്നും അടുത്തയാഴ്ച തുടക്കത്തിൽ തന്നെ താരം ടീമിനൊപ്പം മുഴുവൻ സമയ പരിശീലനത്തിൽ പങ്കുചേരുമെന്നും ആഞ്ചലോട്ടി വെളിപ്പെടുത്തി. "നെയ്മർ നാളെ വ്യക്തിഗത പരിശീലനം നടത്തും, തിങ്കളാഴ്ച മുതൽ ടീമിനൊപ്പം ചേരും. സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാനാകും." ആഞ്ചലോട്ടി പറഞ്ഞു. ലോകകപ്പ് ടീമിനൊപ്പം ചേർന്നതിനുശേഷം നെയ്മർ ഇതുവരെ ഒരു മുഴുവൻ സമയ പരിശീലന സെഷനിലും പങ്കെടുത്തിട്ടില്ല.
പരിക്കിന്റെ അവസ്ഥ വിലയിരുത്തുന്നതിനായി ഈ ആഴ്ച ആദ്യം അദ്ദേഹം മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകുകയും പ്രത്യേക പരിശീലന പരിപാടികൾ പിന്തുടരുകയും ചെയ്‌തുവരികയായിരുന്നു. മൊറോക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ മുൻ ബാഴ്‌സലോണ, പിഎസ്‌ജി താരമായ നെയ്‌മറെ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാൻ ഇറങ്ങിയില്ല. പരിക്കിനെത്തുടർന്ന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്ന് കരുതിയിരുന്നതിനാൽ, ഹെയ്തിക്കെതിരായ മത്സരത്തിന് മുന്നോടിയായി നെയ്‌മർ ന്യൂജേഴ്സിയിൽ തന്നെ തുടരുമെന്ന് ബ്രസീൽ അറിയിച്ചിരുന്നു.
