സെൻസസ് ; ജില്ലയിൽ 100 % വിവരശേഖരണം പൂർത്തിയാക്കിയ ആദ്യ അഞ്ച് എന്യൂമറേറ്റർമാരെ അനുമോദിച്ചു


കണ്ണൂർ :- സെൻസസ് 2027 ആദ്യ ഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ ജൂലൈ ഒന്നിന് തുടങ്ങിയ വീടുകളുടെ വിവരശേഖരണം 10 ദിവസം പിന്നിട്ടപ്പോൾ നൂറു ശതമാനം പൂർത്തിയാക്കിയത് അഞ്ച് എന്യൂമറേറ്റർമാരാണ്. തങ്ങൾക്ക് അനുവദിച്ചു കിട്ടിയ നിശ്ചിത മേഖലയിലെ ഓരോ വീടും നേരിൽ സന്ദർശിച്ച്, വീടിന് നമ്പറിടൽ, ലേഔട്ട്‌ മാപ്പ് തയ്യാറാക്കൽ, വീടുകളുടെ പട്ടികപ്പെടുത്തൽ, വിവരശേഖരണം എന്നീ കാര്യങ്ങളാണ് എന്യൂമറേറ്റർമാർ ചെയ്യുന്നത്.

​കൂത്തുപറമ്പ് മുനിസിപ്പാലിറ്റി പരിധിയിൽ 293 വീടുകൾ പൂർത്തിയാക്കിയ ആശിഷ് പി. കെ (സെൻട്രൽ നരവൂർ എൽ.പി സ്കൂൾ ജീവനക്കാരൻ), കൂത്തുപറമ്പ് മുനിസിപ്പാലിറ്റി പരിധിയിൽ 271 വീടുകൾ പൂർത്തിയാക്കിയ ഡോ. പ്രസാദ് വി (കൂത്തുപറമ്പ് എച്ച്എസ്എസ്), തളിപ്പറമ്പ് മുനിസിപ്പാലിറ്റി പരിധിയിൽ 222 വീടുകൾ പൂർത്തിയാക്കിയ ശരത് കെ (തളിപ്പറമ്പ് യുപി സ്കൂൾ), തളിപ്പറമ്പ് മുനിസിപ്പാലിറ്റി പരിധിയിൽ 204 വീടുകൾ പൂർത്തിയാക്കിയ ധനേഷ് ടി നമ്പ്യാർ (മൂത്തേടത്ത് എച്ച്എസ്എസ്), തലശ്ശേരി താലൂക്ക് പരിധിയിലെ എന്യൂമറേറ്റർ വിബീഷ് സി (ഗവ. ഐടിഐ പിണറായി) എന്നിവരാണ് ആദ്യമായി നൂറു ശതമാനം വിവരശേഖരണം പൂർത്തിയാക്കിയ എന്യൂമറേറ്റർമാർ. ജില്ലയിൽ ഇതുവരെയായി ആകെ 257 എന്യൂമറേറ്റർമാർ 100% വിവരശേഖരണം പൂർത്തിയാക്കിയിട്ടുണ്ട്. ഇവര്‍ക്കും അഭിനന്ദനങ്ങൾ. 

​'സെൻസസ് 2027 എച്ച്എൽഒ' എന്ന മൊബൈൽ ആപ്പാണ് വിവരശേഖരണത്തിനായി എന്യൂമറേറ്റർമാർ ഉപയോഗിക്കുന്നത്. വ്യക്തികൾ നിലവിൽ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഡാറ്റ ശേഖരണത്തിനായി നൽകേണ്ടത്. ​സെൻസസ് ജോലികൾക്കായി ഫീൽഡിൽ വരുന്ന എന്യൂമറേറ്റർമാർക്ക് പരിപൂർണ്ണ പിന്തുണയും സഹകരണവും ജനങ്ങൾ നൽകണമെന്നും ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതർ അഭ്യര്‍ത്ഥിക്കുന്നു. ​അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന സെൻസസ് രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക.



Previous Post Next Post