കൊട്ടിയൂരിൽ അടുത്ത വൈശാഖോത്സവകാലത്ത് 150 ശൗചാലയങ്ങൾ കൂടി നിർമ്മിക്കും


കണ്ണൂർ :- കൊട്ടിയൂരിൽ അടുത്തവർഷം വൈശാഖോത്സവം ആകുമ്പോഴേക്കും തീർഥാടകർക്കായി 150 ശൗചാലയം കൂടി നിർമിക്കുമെന്ന് കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ അറിയിച്ചു. ഇതിനു പുറമെ, കുടിവെള്ളത്തിനായി മൂന്ന് കുഴൽക്കിണർ കൂടി കുഴിക്കും. കളക്ടറേറ്റിൽ ചേർന്ന കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രതിമാസ അവലോകനയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷത്തെ ഉത്സവസീസൺ ഭംഗിയായി നടന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ വിലയിരുത്തി. മാലിന്യസംസ്കരണം, ഗതാഗതം, പാർക്കിങ് തുടങ്ങിയ പ്രധാന വിഷയങ്ങളിൽ വലിയ പരാതി കളുണ്ടായില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കളക്ടർ പി.വിഷ്ണുരാജ് പറഞ്ഞു. ഇതര സം സ്ഥാനത്തുനിന്ന് വരുന്ന തീർത്ഥാടകർ പുഴയിൽ തുണി ഉപേക്ഷിക്കുന്ന പ്രവണത കൃത്യമായ ബോധവത്കരണത്തിലൂടെ തടയാൻ സാധിച്ചു. വരുംവർഷങ്ങളിൽ കൂടുതൽ തീർഥാടകർ എത്താൻ സാധ്യതയുണ്ട്. ഇതിനായി പ്രദേശവാസികൾ ഹോംസ്റ്റേ മാതൃകയുമായി വന്നാൽ അത് വരുമാനമാർഗമായി മാറു മെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. 

പേരാവൂർ ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപ്പഞ്ചായത്തുകളിൽനിന്ന് ഹരിതകർമസേനാംഗങ്ങളെ ശുചീകരണത്തിനായി വിനിയോഗിക്കും. ഇവരുടെപട്ടിക ഉത്സവം തുടങ്ങുന്നതിന് ഒരുമാസം മുമ്പേ കൈമാറും. റോഡിൻ്റെ വശങ്ങൾ വൃത്തിയാക്കൽ, കുടിവെള്ളവിതരണത്തിന് പൈപ്പിടാൻ കുഴിയെടുക്കൽ എന്നിവ ഉത്സവസീസൺ തുടങ്ങുന്നതിന് മുമ്പ് പൂർത്തിയാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. റോഡുകളുടെ വീതികൂട്ടി വൈദ്യുതത്തൂണുകൾ മാറ്റിയാൽ ഗതാഗതപ്രശ്നത്തിന് പരിഹാരമാകും. 

കുടിവെള്ള ശുദ്ധീകരണത്തിനായി കേന്ദ്രീകൃത സംവിധാനം നടപ്പാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ കളക്ടർ ജലഅതോറിറ്റിയോട് നിർദേശിച്ചു. യോഗത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ, തലശ്ശേരി സബ് കളക്ടർ ഇൻ-ചാർജ് സി.വി പ്രകാശൻ, ഇരിട്ടി തഹസിൽദാർ എൻ. സീമ, ഹുസൂർ ശിരസ്തദാർ രാജേഷ് ഖന്ന, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ആരോഗ്യം, ജല അതോറിറ്റി, പോലീസ്, വനം, അഗ്നിരക്ഷാസേന, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ, ശുചിത്വമിഷൻ, കുടുംബശ്രീ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Previous Post Next Post