കരിപ്പൂർ :- അടുത്ത വർഷത്തെ ഹജ് തീർഥാടനത്തിന് ഹജ് കമ്മിറ്റി മുഖേന അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 വരെ നീട്ടി. അപേക്ഷാ സമയം ഇന്നലെ അവസാനിച്ചിരുന്നു. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് യഥാസമയം ലഭിക്കാത്തതിനാൽ അപേക്ഷിക്കാൻ കഴിയാതിരുന്ന തീർഥാടകരുടെ സൗകര്യാർഥമാണ് ഇളവ്. ഇനി തീയതി നീട്ടില്ലെന്നും അറിയിപ്പുണ്ട്. തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള കംപ്യൂട്ടറൈസ്‌ഡ് നറുക്കെടുപ്പ് ഈ മാസം 30 നു രാവിലെ 11ന് മുംബൈ ഹജ് ഹൗസിൽ നടക്കും.
www.hajcommittee.gov.in എന്ന വെബ്സൈറ്റിലൂടെ തത്സമയം വീക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരുടെയും കാത്തിരിപ്പു പട്ടികയിലുള്ളവരുടെയും വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് എസ്എംഎസ് ആയും സന്ദേശം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ ആദ്യ ഗഡുവായ 1,52,300 രൂപ ഓഗസ്റ്റ് 10ന് അകം അടയ്ക്കണം. കേരളത്തിൽ ഓൺലൈൻ ആയി ജൂലൈ 12 വരെ അപേക്ഷിച്ചവർക്ക് ഇതിനകം കവർ നമ്പർ അയച്ചതായി ഹജ് അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്‌മാൻ പുത്തലത്ത് അറിയിച്ചു.
