ശബരിമല :- സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി സഹസ്രകലശപൂജ നടന്നു. കർക്കടക മാസപൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. സഹസ്രകലശാഭിഷേകത്തിനുള്ള കലശപൂജ ഇന്നലെ വൈകുന്നേരം നടന്നു. പ്രത്യേകം തയ്യാർ ചെയ്‌ത മണ്ഡപത്തിൽ കളം വരച്ച് ബ്രഹ്മകലശം, ഖണ്ഡബ്രഹ്‌മകലശം എന്നിവ ഉൾപ്പെടെ 1001 കലശങ്ങൾ വച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂജിച്ചു കലശം നിറച്ചു.
പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു സഹസ്രകലശപൂജ. ഇന്ന് ഉച്ചയ്ക്ക് സഹസ്ര കലശാഭിഷേകം നടക്കും. അത്താഴ പൂജയ്ക്കും ശേഷം മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തിയാണ് നട അടയ്ക്കുക. പിന്നീട് നിറപുത്തരി പൂജകൾക്കായി ഓഗസ്‌റ്റ് 2ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും. ഓഗസ്റ്റ് 3 ന് രാവിലെ 5.40 നും 6.20 നും മധ്യേയാണ് നിറപുത്തരി ചടങ്ങ് നടക്കുക.
