പരീക്ഷാ നടപടികൾ മുതൽ സ്കൂൾ സർട്ടിഫിക്കറ്റ് വരെ ഓൺലൈനിൽ ; പരിഷ്കാരം അധ്യയന വർഷം മുതൽ


തിരുവനന്തപുരം :- സ്കൂൾ പരീക്ഷ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള പ്രവർത്തനങ്ങളെല്ലാം ഈ അധ്യയന വർഷം പൂർണമായി ഓൺലൈനാവും. സർട്ടിഫിക്കറ്റുകളെല്ലാം വിദ്യാർഥികൾക്കിനി വിരൽത്തുമ്പിൽ ലഭിക്കും. ഇതിനായി 'യൂണിഫൈഡ് എക്സാം മാനേജ്‌മെൻ്റ് സിസ്റ്റം' (യു.ഇ.എം.എസ്) എന്ന ഏകീകൃത സോഫ്റ്റ് വേറിന്റെ പണിപ്പുരയിലാണ് പരീക്ഷാഭവൻ. ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മുതൽ ഡിജിറ്റൽ പരിഷ്കാരം നടപ്പാക്കും. എസ്.എസ്.എൽ.സി മുതൽ കെ-ടെറ്റ് വരെയുള്ള ഇരുപതിലേറെ പരീക്ഷകളാണ് പരീക്ഷാഭവൻ നടത്തുന്നത്. സോഫ്റ്റ്വേറുകൾ മിക്കതും കാലഹരണപ്പെട്ടതിനാലാണ് ഏകീകൃത സംവിധാനം നടപ്പാക്കുന്നത്.
ഇപ്പോൾ വെവ്വേറെയുള്ള എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളും സംയോജിപ്പിക്കും. മൂല്യനിർണയമടക്കമുള്ള പരീക്ഷാജോലികൾ മൊബൈൽ ആപ്പ് അധിഷ്ഠിതസംവിധാനത്തിലേക്കു മാറും. മൂല്യനിർണയ ക്യാമ്പ് അവസാനിക്കുന്ന ദിവസം തന്നെ ഫലം പ്രഖ്യാപിക്കാം. സി-ഡിറ്റ് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷാ രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള പ്രവർത്തനങ്ങളെല്ലാം സുഗമവും സുതാര്യവുമാകുമെന്ന് ദൗത്യത്തിനു നേതൃത്വം നൽകുന്ന പരീക്ഷാ സെക്രട്ടറി എസ്.സന്തോഷ്‌കുമാർ പറഞ്ഞു.

സർട്ടിഫിക്കറ്റുകൾക്ക് വിദ്യാഭ്യാസ ഓഫീസുകളിൽ പോവാതെ, അപേക്ഷ സ്കൂളിൽ നൽകിയാൽ മതി. ഓൺലൈൻ വഴി നടപടികൾ പൂർത്തിയാക്കി, സർട്ടിഫിക്കറ്റുകൾ സ്കൂളുകളിൽ ലഭിക്കും. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് തിരുത്തൽ, സർട്ടിഫിക്കറ്റ് ആധികാരികത പരിശോധിക്കൽ, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയൊക്കെ ഓൺലൈനാകും. ഫയൽ നീക്കമറിയാൻ അപേക്ഷകന് ലോഗിൻ, വിവരങ്ങളറിയിക്കാൻ വാട്സപ്പ് മെസേജിങ്, ഫീസുകൾക്ക് ഇ-പെയ്മെ ന്റ് സൗകര്യം, സംശയനിവാരണത്തിന് എ.ഐ. ചാറ്റ്ബോട്ട്, ബുക്ക് മാതൃക മാറി സർട്ടിഫിക്കറ്റെല്ലാം ഡിജി-ലോക്കറിൽ എന്നീ സൗകര്യങ്ങൾ ലഭിക്കും.
Previous Post Next Post