ആലപ്പുഴ :- ആധാർ പുതുക്കാത്ത ക്ഷേമപെൻഷൻകാരുടെ മസ്റ്ററിങ് മുടങ്ങുന്നു. വിരൽ, കണ്ണടയാളങ്ങൾ ആധാർരേഖകളുമായി പൊരുത്തപ്പെടാത്തവർക്കാണ് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്തത്. മസ്റ്ററിങ് തുടങ്ങി രണ്ടുദിവസത്തിനകം മാത്രം നാലായിരത്തിലേറെപ്പേർക്കാണ് തടസ്സം നേരിട്ടത്. ആധാറിലെ ബയോമെട്രിക് വിവരങ്ങൾ പുതുക്കിയാലേ ഇവർക്ക് മസ്റ്ററിങ് പൂർത്തിയാക്കാനാകൂ. ഫിംഗർ പ്രിന്റ് ഡിവൈസും ഐറിസ് സ്കാനറും ഉപയോഗിച്ച് മസ്റ്ററിങ് നടത്താൻ കഴിയാതെ വരുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് നൽകിയാലേ തുടർന്ന് പെൻഷൻ ലഭിക്കൂ. അക്ഷയകേന്ദ്രങ്ങളിൽ നിന്നുതന്നെ ഈ ലൈഫ് സർട്ടിഫിക്കറ്റു നൽകും. ഇത് തദ്ദേശസ്ഥാപന സെക്രട്ടറിക്കു കൈമാറണം.
ഓൺലൈനായി മസ്റ്ററിങ് പൂർത്തിയാക്കാനായാൽ തദ്ദേശസ്ഥാപന സന്ദർശനം ഒഴിവാക്കാൻ ഗുണഭോക്താ ക്കൾക്കു കഴിയും. ആധാറിലെ ബയോമെട്രിക് വിവരം ഇപ്പോൾ വേഗത്തിൽ പുതുക്കാനാകും. മൂന്നോ നാലോ ദിവസത്തെ താമസമേ വരൂ. ഇതിനു ശേഷം ഇ-മസ്റ്ററിങ് നടത്തുന്നതാണ് ഉചിതം. കഴിഞ്ഞവർഷം സംസ്ഥാനത്തെ പെൻഷൻകാരിൽ 58,000 പേർക്ക് മസ്റ്ററിങ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇവർ ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ടു നൽകിയശേഷമാണ് പെൻഷൻ ഉറപ്പാക്കാനായത്. ഇത്തവണ അതിൽക്കൂടുതൽ പേർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടിവരും.
