വീട്ടിലേക്കുള്ള വഴി തെളിയുന്നു ; കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ 'വീട്ടിലേക്കൊരോട്ടോ' പദ്ധതിക്ക് തുടക്കമായി, ആദ്യ റോഡിന്റെ കുറ്റിയടിക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ കരുതൽ പദ്ധതിയായ 'വീട്ടിലേക്കൊരോട്ടോ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ആദ്യ റോഡിന്റെ കുറ്റിയടിക്കൽ ചടങ്ങ് എട്ടാം വാർഡായ കുറുവോട്ടുമൂലയിൽ നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ കുറ്റിയടിക്കൽ ചടങ്ങ് നിർവ്വഹിച്ചു. 

കിടപ്പുരോഗികളും വയോധികരും വഴി സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്ന ഇടങ്ങളിലേക്ക് കരുതലോടെ കൈത്താങ്ങാകുകയാണ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്. കുറുവോട്ടുമൂല 80 വയസ്സുകാരി കൂലോത്ത് വളപ്പിൽ നാരായണിയും അവിവാഹിതരായ മൂന്ന് സഹോദരിമാരും ഉൾപ്പെടെ നാല് സഹോദരിമാർ മാത്രം താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയാണ് ആദ്യം ഒരുങ്ങുന്നത്. വാഹനങ്ങളെത്താത്തയിടത്തേക്ക് ഒരു ഓട്ടോയെങ്കിലും എത്തിക്കാൻ റോഡ് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനത്തിനാണ് തുടക്കമായിരിക്കുന്നത്. 

ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്ക് ഏറെ ആശ്വാസമേകുന്ന ഒരു മാതൃകാ ജനക്ഷേമ പ്രവർത്തനമാണ് ഈ പദ്ധതി. അത്യാവശ്യ ഘട്ടങ്ങളിൽ ഒരു ഓട്ടോറിക്ഷയെങ്കിലും കടന്നുചെല്ലാൻ പാകത്തിൽ വഴിയൊരുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് 'വീട്ടിലേക്കൊരോട്ടോ' പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കുറ്റിയടിക്കൽ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു. വികസന കൺവീനർ ബി.കൃഷ്ണൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.എം ബിന്ദു നന്ദിയും പറഞ്ഞു.

Previous Post Next Post