UAE യിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം ; പാസ്പോർട്ട് സേവനങ്ങൾ ഇനി അൽഹിന്ദ് വഴി ലഭ്യമാകും, പുതിയ സേവന കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു


ദുബായ് :- യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി പാസ്പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ ഇനി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി ലഭ്യമാകും. ഇന്ന് മുതൽ അൽഹിന്ദ് പുതിയ സേവന കേന്ദ്രങ്ങൾ വഴി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.

മുൻപുണ്ടായിരുന്ന നിയമതടസ്സങ്ങൾ നീങ്ങിയതോടെയാണ് കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് സേവനങ്ങൾ ഏറ്റെടുത്തത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി എംബസിയും കോൺസുലേറ്റും നേരിട്ട് സേവനങ്ങൾ നൽകിയതിനെ തുടർന്നുണ്ടായ വൻ തിരക്കിനും ആശയക്കുഴപ്പങ്ങൾക്കും ഇതോടെ പരിഹാരമാകും. സേവനങ്ങൾക്കായി consularsevainuae.com വെബ്സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. തിങ്കൾ മുതൽ ശനി വരെ ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും അപ്പോയിന്റ്മെന്ററ് സ്ലോട്ടുകൾ ലഭ്യമാകും.

അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും ഇനി മുതൽ നേരിട്ട് അപേക്ഷകൾ സ്വീകരിക്കില്ല. പകരം നിശ്ചിത 'ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ' സന്ദർശിക്കണം. എല്ലാ സെൻ്ററുകളും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കും. അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ.

വാക്ക്-ഇൻ സേവനങ്ങൾ ആർക്കൊക്കെ?

തത്കാൽ പാസ്പോർട്ട് അപേക്ഷകൾ, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ്, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് അപ്പോയിൻ്റ്മെൻ്റ് ഇല്ലാതെ തന്നെ നേരിട്ടെത്തി സേവനം കൈപ്പറ്റാം.

സെന്ററുകളുടെ വിവരങ്ങൾ

അബുദാബി (6 കേന്ദ്രങ്ങൾ): അൽ ദാന, അൽ റീം ഐലൻഡ്,  മുസഫ, മദീനത്ത് സായിദ്, ഗയാത്തി, അൽ ഐൻ.ദുബായ് (2 കേന്ദ്രങ്ങൾ): ബർ ദുബായിലെ യു.ഡബ്ല്യു മാളിൽ 12,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള പ്രധാന കേന്ദ്രം (45 കൗണ്ടറുകൾ ഇവിടെയുണ്ട്), ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്.

ഷാർജ (2 കേന്ദ്രങ്ങൾ): അൽ മജാസ്, റൊള. വടക്കൻ എമിറേറ്റുകൾ (6 കേന്ദ്രങ്ങൾ): അജ്മാൻ (അൽ ജുർഫ്), ഫുജൈറ (അൽ ഫസീൽ), ഉമ്മുൽ ഖുവൈൻ (അൽ റംല), ഖോർഫക്കാൻ (ഷെയ്ഖ് ഖാലിദ് റോഡ്), കൽബ (ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്), റാസൽഖൈമ (അൽ മമൂറ റോഡ്). ജൂലൈ ഒന്ന് മുതൽ ഇന്ത്യൻ സർക്കാർ പാസ്പോർട്ട് സേവന നിരക്കുകൾ പുതുക്കിയിരുന്നു. 36 പേജ് പാസ്പോർട്ടിന് സാധാരണ നിരക്ക് - 450 ദിർഹം, തത്കാൽ - 900 ദിർഹം. 60 പേജ് പാസ്പോർട്ട് സാധാരണ നിരക്ക് -630 ദിർഹം, തത്കാൽ - 1,080 ദിർഹം. സർക്കാർ നിരക്കിന് പുറമെ അൽഹിന്ദ് 19 ദിർഹം അധിക സേവന നിരക്കായി ഈടാക്കും. ഫോട്ടോകോപ്പി, ഫോട്ടോ സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. തൽക്കാലത്തേക്ക് ഇടക്കാല സേവന ദാതാവായാണ് അൽഹിന്ദ് പ്രവർത്തിക്കുക. സുപ്രീം കോടതി നിർദ്ദേശപ്രകാരം വിദേശകാര്യ മന്ത്രാലയം പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നത് വരെ പ്രവാസികൾക്ക് തടസ്സമില്ലാതെ സേവനം ഉറപ്പാക്കാനാണ് അൽഹിന്ദിന് അനുമതി നൽകിയിരിക്കുന്നത്.

Previous Post Next Post