കണ്ണൂർ:-വലിയവെളിച്ചത്ത് വ്യവസായ പാർക്കിന് സമീപത്തെ അംഗൻവാടിയിലെ കുട്ടികൾ പൊടിശല്യം നേരിടുന്നതായുള്ള പരാതിയിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അംഗൻവാടി സന്ദർശിച്ചു.
നിലവിൽ പരാതിക്കിടയാക്കിയ സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്നും, അതിനാൽ ഇപ്പോൾ പൊടിശല്യം നേരിടുന്നില്ലെന്നും അംഗൻവാടി ജീവനക്കാർ കമ്മീഷനെ അറിയിച്ചു.
പരാതിക്കിടയാക്കിയ സ്ഥാപനം നിലവിൽ പൂട്ടിക്കിടക്കുകയാണെന്നും, സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ പറഞ്ഞു.
കമ്മീഷൻ അംഗം ബി. മോഹൻ കുമാറും സന്ദർശനത്തിൽ പങ്കെടുത്തു.പാട്യം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ബീന, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. ശ്രീജ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി. വസന്ത, അംഗൻവാടി അധ്യാപിക ഷീജ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
