തിരുവനന്തപുരം :- ദേശീയ പോഷകാഹാര ബോധവൽക്കരണത്തിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് അയൽക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്തലത്തിൽ നടത്തിവരുന്ന വിവിധ ബോധവൽക്കരണ പ്രവർത്തന പരിപാടികൾ ഊർജിതമായി. കുഞ്ഞുങ്ങൾ, കൗമാരപ്രായക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ ഉൾപ്പെടെയുള്ളവർക്ക് പോഷകാഹാരത്തിൻ്റെ ആവശ്യകത സംബന്ധിച്ച് അറിവ് നൽകുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രാദേശികമായി ലഭ്യമാകുന്ന പോഷക ഭക്ഷ്യവസ്തുക്കൾ, ചെറുധാന്യങ്ങൾ, എന്നിവ ഉപയോഗിച്ചു കൊണ്ട് ജില്ലകളിൽ പാചകമത്സരങ്ങൾ, ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, പരമ്പരാഗത ഭക്ഷ്യമേളകൾ എന്നിവ സംഘടിപ്പിച്ചു തുടങ്ങി. കേന്ദ്ര വനിതാ ശിശുവനികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ എട്ടു വരെ നടക്കുന്ന ഒമ്പതാമത് 'രാഷ്ട്രീയ പോഷൺ മാ' 2026 ആചരണത്തിന്റെ ഭാഗമായാണ് പരിപാടി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എഫ്.എൻ.എച്ച്.ഡബ്ളിയു പദ്ധതിയും വനിതാ ശിശുവികസന വകുപ്പും സംയുക്തമായാണ് പ്രവർത്തനങ്ങൾ.
'ഹമാരി അംഗൻവാടി, ഹമാരി ജിമ്മേദാരി' എന്നതാണ് ഈ വർഷത്തെ 'പോഷൺ മാ'യുടെ പ്രമേയം. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിൽ പോഷകാഹാരം, ആരോഗ്യം, ക്ഷേമം എന്നിവ സംബന്ധിച്ച ചർച്ചകളും ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനൊപ്പം പ്രാദേശിക പ്രസക്തിയുള്ള നൂതന പ്രവർത്തനങ്ങളും നടപ്പാക്കുന്നുണ്ട്. സ്ത്രീകളുടെ മാനസിക-സാമൂഹിക ക്ഷേമം, സ്ത്രീകളിൽ കാണുന്ന പൊണ്ണത്തടി തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണവും പ്രത്യേക ശിൽപശാലകളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷനുകൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
എഫ്.എൻ.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായുള്ള റിസോഴ്സ് പേഴ്സൺമാർക്കൊപ്പം ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവരും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. റാലികൾ, പോസ്റ്റർ പ്രചരണം, ചുവരെഴുത്ത്, തെരുവുനാടകം, ബോധവൽക്കരണ യോഗങ്ങൾ, വീഡിയോ തുടങ്ങിയ സമൂഹാധിഷ്‌ഠിത പ്രവർത്തനങ്ങളിലൂടെയാണ് പോഷകാഹാരത്തിൻ്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നത്. കൂടാതെ വെബിനാറുകൾ, വാട്ട്സാപ് ഗ്രൂപ്പുകൾ, ഓൺലൈൻ ചർച്ചാ പ്ളാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ തുടങ്ങിയ സാങ്കേതിക വിദ്യാധിഷ്‌ഠിത സംവിധാനങ്ങളിലൂടെയും 'പോഷൺ മാ'യുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പോഷകാഹാര ലഭ്യതയുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന വകുപ്പും മറ്റ് വകുപ്പുകളും സംഘടിപ്പിക്കുന്ന കുഞ്ഞൂണ്, സീമന്ത സംഗമം, ഗ്രാമ ആരോഗ്യ ശുചിത്വ പോഷണ ദിനം തുടങ്ങിയ പരിപാടികളിൽ കുടുംബശ്രീയുടെ പങ്കാളിത്തവും ഉറപ്പു വരുത്തിയിട്ടുണ്ട്.
