ദില്ലി :- ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ ഉയർന്ന താപനില എൽ നിനോ കൂടുതൽ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് ലോക കാലാവസ്ഥ സംഘടനയുടെ മുന്നറിയിപ്പ്. 2027 ഫെബ്രുവരി വരെ എൽ നിനോ തുടരാനുള്ള സാധ്യതയുണ്ടെന്നും വളരെ ശക്തമായ എൽ നിനോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയുടെയും താപനിലയുടെയും സാധാരണ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് കാരണമാകുകയും ചെയ്യാമെന്ന് ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു.
എന്നാൽ വളരെ ശക്തമായ എൽ നിനോ എല്ലായിടത്തും ഒരേ തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കണമെന്നില്ല. അതോടൊപ്പം എൽ നിനോയുടെ ശക്തി മാത്രം ഒരു രാജ്യത്തോ പ്രദേശത്തോ ഉണ്ടാകുന്ന ആഘാതത്തിൻ്റെ തീവ്രത നിർണയിക്കുന്നില്ല. ഇതിൻ്റെ സ്വാധീനം പ്രദേശത്തിനും കാലാവസ്ഥാ സീസണിനും അനുസരിച്ച് വ്യത്യാസപ്പെടും. കൂടാതെ ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക്ക് മഹാസമുദ്രം തുടങ്ങിയ മേഖലകളിലെ മറ്റ് കാലാവസ്ഥാ ഘടകങ്ങൾ ചേർന്ന് ചില പ്രദേശങ്ങളിൽ എൽ നിനോയുടെ സ്വാധീനം ശക്തിപ്പെടുത്തുകയോ, ദുർബലപ്പെടുത്തുകയോ, വ്യത്യസ്തമാക്കുകയോ ചെയ്യാമെന്നും ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു.
സെപ്റ്റംബർ ആദ്യവാരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്. എന്നാൽ കേരളത്തിൽ ഇത്തവണ കാലവർഷത്തിൽ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്നാണ് റിപ്പോർട്ടുകൾ. കാലവർഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 21 ശതമാനം മഴ കുറവാണ് റിപ്പോർട്ട് ചെയ്തത്. സാധാരണ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റർ മഴയാണ്. എന്നാൽ നിലവിൽ ലഭിച്ചത് 1365.4 മില്ലിമീറ്റർ മഴ മാത്രമാണ്. വയനാട് ഇടുക്കി ജില്ലകളിലെ മഴക്കുറവ് തുടരുന്നുണ്ട്. മഴ ഏറ്റവും കുറവ് പെയ്തത് വയനാട് ജില്ലയിലാണ്. ഇവിടെ 51 ശതമാനമാണ് മഴയിൽ കുറവ് രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയിൽ 45 ശതമാനവും കൊല്ലത്ത് 30 ശതമാനവും തൃശ്ശൂരിൽ 27 ശതമാനവും പാലക്കാട് 26 ശതമാനവും മഴക്കുറവ് ഉണ്ടായി.
