മലപ്പട്ടം :- അടുവാപ്പുറം എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഒന്നാം വിള നെൽക്കൃഷിയുടെ കൊയ്ത്തുത്സവം അടുവാപ്പുറം വയലിൽ നടന്നു. ലൈബ്രറി കൗൺസിൽ കണ്ണൂർ സെക്രട്ടറി പി.കെ വിജയൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് അംഗം സി.കെ ശ്രേയ അധ്യക്ഷത വഹിച്ചു.
മലപ്പട്ടം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഐ.വി ഒതേനൻ, മലപ്പട്ടം കൃഷി ഓഫീസർ അജീഷ്.വി, മലപ്പട്ടം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഇ.ചന്ദ്രൻ മാസ്റ്റർ, മലപ്പട്ടം കൃഷി അസിസ്റ്റന്റ് എൽ.എം മധുസൂദനൻ, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസർ രമ്യ.ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.എം സജിത്ത് സ്വാഗതവും ഗ്രന്ഥാലയം പ്രസിഡണ്ട് വി.വി തമ്പാൻ നന്ദി പറഞ്ഞു.
കാർഷിക സംസ്കാരം തിരിച്ചുപിടിക്കുന്നതിനും പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി ഗ്രന്ഥാലയ പ്രവർത്തകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെയാണ് കൃഷി നടത്തിയത്. വിജയകരമായി വിളവെടുത്ത ഒന്നാം വിളയുടെ കൊയ്ത്തുത്സവത്തിൽ ഗ്രന്ഥാലയം ഭാരവാഹികളും കർഷകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.


