കണ്ണൂർ:-സംസ്ഥാന സർക്കാർ പുതുതായി ആരംഭിച്ച "നിർമ്മലം- പുതുയുഗ ശുചിത്വ കേരളം" ക്യാമ്പയിന് ജില്ലയിൽ ഗംഭീര തുടക്കം. പയ്യാമ്പലം ബീച്ച് പാർക്ക്, അമ്മയും കുഞ്ഞും ശില്പ പരിസരം, പയ്യാമ്പലം കടൽത്തീരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തിക്കൊണ്ടായിരുന്നു തുടക്കം.
ജില്ലാ ഭരണകൂടത്തിൻ്റെയും കണ്ണൂർ കോർപ്പറേഷന്റെയും നേതൃത്വത്തിൽ നടന്ന ജനകീയ ശുചീകരണ യജ്ഞത്തിൽ കരുതൽ കണ്ണൂർ, വളണ്ടിയർ സ്റ്റാക്ക്, ഡിടിപിസി എന്നിവയുടെ കീഴിൽ മുന്നൂറിലേറെ സന്നദ്ധ പ്രവർത്തകർ പങ്കാളികളായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ കെ പി താഹിറിൻ്റെ അധ്യക്ഷതയിൽ കോർപ്പറേഷൻ മേയർ പി. ഇന്ദിര നിർവഹിച്ചു. കണ്ണൂർ കലക്ടർ പി വിഷ്ണുരാജ് മുഖ്യപ്രഭാഷണം നടത്തി.
അഞ്ചുവർഷം കൊണ്ട് കേരളത്തെ തീർത്തും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ നിർമ്മലം പദ്ധതി നടപ്പിലാക്കുന്നതെന്ന് പറഞ്ഞു. നാം ഉപയോഗിച്ച് വലിച്ചെറിയുന്ന മാലിന്യങ്ങൾ മറ്റുള്ളവർ നീക്കം ചെയ്യേണ്ടി വരുന്ന സാഹചര്യം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ജനങ്ങൾ മനസ്സുവെച്ചാൽ തന്നെ ഈ പ്രശ്നം വലിയൊരു അളവിൽ പരിഹരിക്കപ്പെടും. ഇത്തരമൊരു ശുചിത്വ ബോധത്തിലേക്ക് നാം വളരേണ്ടതുണ്ട്. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടാവേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു ദിവസത്തെ ശുചീകരണത്തോടെ അവസാനിക്കുന്നതല്ല ഈ ക്യാമ്പയിൻ എന്നും ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും ജില്ലാ കലക്ടർ പി വിഷ്ണുരാജ് പറഞ്ഞു. ഭരണാധികാരികൾ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല മാലിന്യ പ്രശ്നം. ഇക്കാര്യത്തിൽ ജനകീയ ഇടപെടൽ അനിവാര്യമാണ്. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. ജനകീയ പങ്കാളിത്തത്തോടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ ആവുകയുള്ളൂ എന്നും ജില്ലാ കലക്ടർ പറഞ്ഞു.
ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീജ മടത്തിൽ, റിജിൽ മാക്കുറ്റി, പി ഷമീമ ടീച്ചർ, ലിഷാ ദീപക്, അസിസ്റ്റൻ്റ് കളക്ടർ എസ് സ്വാതി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി എം ധനീഷ്., അസിസ്റ്റന്റ് ഡയരക്ടർ ടി വി സുഭാഷ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം സുനിൽ കുമാർ, കോർപ്പറേഷൻ ക്ലീൻ സിറ്റി മാനേജർ കെ വി രാജീവൻ എന്നിവർ സംസാരിച്ചു.
നിർമ്മലം ശുചിത്വ ക്യാമ്പയിൻ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപന തലങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, അംഗങ്ങൾ, ജില്ലാ തല ഉദ്യോഗസ്ഥർ, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, വ്യാപാരി സംഘടനകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി.
