ഇന്റർനെറ്റ് ലഭ്യത പൗരന്മാരുടെ മൗലികാവകാശം, കുട്ടികൾക്കടക്കം ബാധകമെന്നും സുപ്രീംകോടതി


ഡൽഹി :- ഇന്റർനെറ്റ് ലഭ്യത പൗരന്മാരുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി. കുട്ടികൾക്കടക്കം ഇത് ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദങ്ങൾ 21, 19(1)(a) എന്നിവ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവർ വിധി പ്രസ്‌താവിച്ചത്. കുട്ടികളെ ദോഷകരമായി സ്വാധീനിക്കാവുന്ന ലൈംഗിക, ചൂഷണ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പരിശോധിക്കുകയായിരുന്നു കോടതി. 

ഈ ഘട്ടത്തിലാണ് കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കേണ്ടതുണ്ടോയെന്ന ചോദ്യമുയർന്നത്. ഇതോടെ സുപ്രീം കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു. പ്രത്യേക പ്രായപരിധിക്ക് പുറത്തുള്ള കുട്ടികൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമില്ലെന്ന് പറയുന്നത് പോലെ അസംബന്ധമാണ് ഇൻ്റർനെറ്റ് ലഭ്യത നിഷേധിക്കലെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയും അവരുടെ അവകാശവും തമ്മിൽ പരസ്‌പരം ബന്ധപ്പെട്ട് കിടക്കുന്നു. രണ്ടിനും - കുട്ടികൾക്ക് അർഹതയുണ്ട്. ആ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് വിധിയിൽ വ്യക്തമാക്കി.

അപകടകരമായ ഉള്ളടക്കങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ ഇൻ്റർനെറ്റ് ലഭ്യത ഇല്ലാതാക്കുകയല്ല മാർഗമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അതത് പ്ലാറ്റ്ഫോമുകളാണ് ഉത്തരവാദികൾ. ഇങ്ങനെയുള്ള ഉള്ളടക്കങ്ങളെ നീക്കം ചെയ്യുന്നതിന് പകരം അവർ രക്ഷിതാക്കളുടെ അനുമതിക്കായുള്ള ഫീച്ചർ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിന് കുട്ടികൾക്ക് ഇന്റർനെറ്റ് ലഭിക്കുന്നതിനെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളാണ് ഇതിൽ കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടതെന്നും പരമോന്നത കോടതി വിശദീകരിച്ചു.

Previous Post Next Post