കോഴിക്കോട് :- കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. വടകര മണിയൂരിലാണ് ദാരുണമായ സംഭവം. തെരുവിലെ തൂന്നൂറ കുന്നുമ്മൽ ചന്ദ്രി(70) ആണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വീടിന് സമീപത്തെ പറമ്പിലെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട്ടമാണ് ചന്ദ്രിയെ ആക്രമിച്ചത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കടന്നലുകൾ ശരീരമാസകലം പൊതിഞ്ഞതിനെ തുടർന്ന് ആർക്കും ഇവർക്കടുത്തെത്തി രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. ശരീരത്തിൽ വ്യാപകമായി കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ പിന്നീട് രക്ഷാപ്രവർത്തകർ എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയുമായിരുന്നു. രാത്രിയോടെ റെസ്ക്യൂ ടീം സ്ഥലത്തെത്തി മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട് പൂർണ്ണമായും നശിപ്പിച്ചു.
