തിരുവനന്തപുരം: ഏറെ നാളത്തെ തർക്കങ്ങൾക്കൊടുവിൽ വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമവായം. എ.പി (കാന്തപുരം) വിഭാഗത്തിന് വഖഫ് ബോർഡിൽ പ്രതിനിധ്യം നൽകാൻ തീരുമാനമായി. എ.പി വിഭാഗം നിർദേശിക്കുന്ന വ്യക്തിക്കായിരിക്കും ബോർഡിൽ അംഗത്വം നൽകുക.
മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് നിർണായകമായ സമവായ നീക്കങ്ങൾ നടത്തിയത്. പൊന്നാനി എം.എൽ.എ നൗഷാദ് അലിയും ചർച്ചകളിൽ സജീവമായി ഇടപെട്ടു. സമവായ ധാരണയുടെ ഭാഗമായി, നിലവിൽ കാന്തപുരം വിഭാഗത്തിൽനിന്നുള്ള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്ഥാനം രാജിവെക്കും.
വഖഫ് ബോർഡ് വിഷയത്തിൽ സമവായത്തിലെത്തിയതായി മന്ത്രി എൻ. ഷംസുദ്ദീൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എല്ലാ വിഭാഗങ്ങളെയും ചേർത്തുനിർത്തിയാകും മുന്നോട്ടുപോകുകയെന്നും മന്ത്രി വ്യക്തത വരുത്തി.
സമവായ ചർച്ചകളുടെ തുടർച്ചയായി വഖഫ് മന്ത്രി വൈകുന്നേരം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും.
