കോഴിക്കോട് :- മീഞ്ചന്തയിൽ പിതാവിന്റെ മർദനമേറ്റ് മകൻ മരിച്ചു. മീഞ്ചന്ത സ്വദേശി മിസ്‌ഹബ് (31) ആണ് പിതാവ് ഉമ്മർകോയയുമായുള്ള വാക്കുതർക്കത്തിനിടെ അടിയേറ്റ് മരിച്ചത്. മിസ്‌ഹബ് ലഹരി ഉപയോഗിക്കുന്നതിനെ പിതാവ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
ലഹരിയെച്ചൊല്ലിയുള്ള തർക്കം പതിവാണെന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെയും സമാനമായി തർക്കമുണ്ടായി. പിന്നാലെ വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പ് എടുത്ത് ഉമ്മർകോയ മകന്റെ തലയ്ക്കടിക്കുകയായിരുന്നു. മിസ്‌ഹബിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
