ദസറ ആഘോഷം ; ദില്ലിയിൽ പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനം, പരിഹാസവുമായി CJP സ്ഥാപകൻ അഭിജീത് ദീപ്കെ

ദില്ലി :- ദില്ലിയിൽ ദസറ ആഘോഷങ്ങളുടെ


ഭാഗമായി രാവണൻ്റെ കോലത്തിനൊപ്പം പാറ്റയുടെ കോലവും കത്തിക്കാനുള്ള തീരുമാനത്തിൽ പരിഹാസവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. ഫ്രീ പബ്ലിസിറ്റിക്ക് നന്ദിയുണ്ടെന്നാണ് ദീപ്കെയുടെ പരിഹാസം. ദില്ലിയിലെ പിതാംപുരയിൽ ഒരുക്കിയ പാറ്റയുടെ കോലത്തിന്റെ ദൃശ്യം പങ്കുവെച്ചാണ് ദീപ്കെയുടെ പ്രതികരണം. ദസറ ആഘോഷങ്ങളുടെ ഭാഗമായി ശ്രീ കേശവ് രാംലീല കമ്മിറ്റി ആണ് രാവണന്റെയും കുംഭകർണന്റെയും മേഘനാഥന്റെയും കോലങ്ങൾക്കൊപ്പം 30 അടിയ ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കാനായി സ്ഥാപിച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സിജെപി പ്രതിഷേധം ശക്തമായതിനിടെയാണ് പാറ്റയുടെ കോലം കത്തിക്കാൻ സംഘാടകർ തീരുമാനിച്ചത്. ബിജെപി എംഎൽഎയായ അശോക് ഗോയൽ ദേവരഹ പ്രസിഡൻറായ ശ്രീ കേശവ് രാംലീല കമ്മിറ്റിയുടേതാണ് തീരുമാനം. വീടുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആയിരക്കണക്കിന് വർഷങ്ങളായി രാവണന്റെയും മേഘനാദന്റെയും കുംഭകർണന്റെയും കോലങ്ങൾ കത്തിക്കാറുണ്ടെന്നും സത്യം മാത്രമേ ജയിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അശോക് ഗോയൽ ദേവരഹ പറഞ്ഞിരുന്നു. മുൻകാലങ്ങളിൽ നക്സലിസം, തീവ്രവാദം തുടങ്ങിയ വിപത്തുകളെ പ്രതിനിധീകരിക്കുന്ന കോലങ്ങൾ തങ്ങൾ കത്തിച്ചിട്ടുണ്ട്. ഇത്തവണ മാലിന്യത്തിന്റെ പ്രതീകമായി ഒരു പാറ്റയുടെ രൂപം കത്തിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. വീട്, ചുറ്റുപാടുകൾ, സമൂഹം എന്നീ മൂന്നിടങ്ങളിൽ നിന്നും മാലിന്യം ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഇത്തവണ മാലിന്യത്തെ പ്രതിനിധീകരിച്ച് പാറ്റയുടെ ആകൃതിയിലുള്ള കോലം കത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വൈകുന്നേരമാണ് സംഘാടകർ മറ്റ് കോലങ്ങൾക്കൊപ്പം പാറ്റയുടെ കോലവും കത്തിക്കുക.

Previous Post Next Post