പാർട്ടിയിൽ നിന്ന് അകന്നുപോയ ന്യൂനപക്ഷങ്ങളെ തിരികെ കൊണ്ടുവരാനൊരുങ്ങി CPIM ; ജില്ലാ കമ്മറ്റിയിൽ തീരുമാനം


കണ്ണൂര്‍ :- പാർട്ടിയിൽ നിന്ന് അകന്നുപോയ ന്യൂനപക്ഷവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ പദ്ധതിയുമായി സി.പി.എം. ഇതുൾപ്പെടെ ലക്ഷ്യംവെച്ചുള്ള 36 ഇന ഭാവിപ്രവർത്തന പരിപാടികൾക്ക് ജില്ലാ കമ്മിറ്റിയോഗം രൂപം നൽകി. 2004 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ പാർട്ടിയോടൊപ്പമുണ്ടായിരുന്ന മുസ്ലിം ന്യൂനപക്ഷവിഭാഗം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടു പ്പിലാണ് പാർട്ടിയിൽ നിന്ന് അകന്നുപോയതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. അവിടെ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പില്‍ എസ്‌ഐആര്‍ തിരിച്ചടിയായെന്നും വലിയ അളവില്‍ വോട്ട് കൂട്ടിച്ചേര്‍ത്തുവെന്നും കെ.കെ രാഗേഷ് പറഞ്ഞു.

ബഹുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പാര്‍ട്ടി നടപടികളെടുക്കും. ന്യൂനപക്ഷ വിഭാഗംl നേരത്തേ കണ്ണൂരില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മുസ്ലീംലീഗ് മുന്‍കൈയെടുത്തു. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ നുണ പ്രചരിപ്പിച്ചുവെന്നും വര്‍ഗീയ പ്രചാരണങ്ങളടക്കം നടത്തിയെന്നും രാഗേഷ് ആരോപിച്ചു. പി പി ദിവ്യ ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശേഷം അവരെ തിരിച്ചു കൊണ്ടുവരുന്ന കാര്യം ആലോചിക്കാമെന്നും ദിവ്യയുടെ തിരിച്ചു വരവ് അടഞ്ഞ അധ്യായമല്ലെന്നും രാഗേഷ് വ്യക്തമാക്കി.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തുടരുമെന്ന് സിപിഐഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. കെ വി സക്കീര്‍ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. എം ശ്രീധരന്‍, എം സി രാഘവന്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. ജില്ലാ കമ്മിറ്റിയില്‍ എട്ട് ക്ഷണിതാക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ നാരായണന്‍, എം സുകുമാരന്‍, എം രതീഷ്, സി ടി അനീഷ്, പി മുകുന്ദന്‍, എ കെ ബീന, സി രജനി, ബാബു വാഴയില്‍ എന്നിവരാണ് ക്ഷണിതാക്കള്‍.

Previous Post Next Post