ചൈന:-വിവാഹത്തിന് ക്ഷണിക്കാൻ ബന്ധുക്കളില്ല, ആഘോഷത്തിൽ പങ്കുചേരാൻ വേണ്ടത്ര സുഹൃത്തുക്കളുമില്ല! ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ 24-കാരന്റെ ഈ സങ്കടം സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ചൈനയിൽ സംഭവിച്ചത് അവിശ്വസനീയമായൊരു കൂട്ടായ്മ. വിവാഹത്തിന് അപരിചിതരെ ക്ഷണിച്ച യുവാവിന്റെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് വധൂവരന്മാരെ അനുഗ്രഹിക്കാനെത്തിയത്.
ഒറ്റപ്പെടലിന്റെ വേദനപേറിയ യുവാവിന്റെ വിവാഹം ഒടുവിൽ ഒരു നാടിന്റെ മഹോത്സവമായി മാറി. യുനാൻ പ്രവിശ്യയിലെ ഷാവോടോങ് സ്വദേശിയായ ഷു ചെങ്ഹോങ്ങാണ് കഥയിലെ നായകൻ. മൂന്നാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. പിന്നീട് അമ്മ മറ്റൊരു വിവാഹം കഴിച്ചതോടെ മുത്തശ്ശിയുടെ സംരക്ഷണയിലായി വളർച്ച. ഏഴാം വയസ്സിൽ മുത്തശ്ശിയും മരിച്ചതോടെ ജ്യേഷ്ഠനൊപ്പം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നിർമാണമേഖലയിലും വിതരണ ജോലികളിലുമടക്കം ഏർപ്പെട്ടാണ് വിവാഹത്തിനായി പണം സ്വരുക്കൂട്ടിയത്.
ഒക്ടോബർ 31-നായിരുന്നു വിവാഹം. ഒക്ടോബർ 25-നാണ് ടിക് ടോക്കിന് സമാനമായ ഡൗയിനിൽ പങ്കുവെച്ച വിഡിയോയിലൂടെ അപരിചിതരെ വിവാഹത്തിന് ക്ഷണിച്ചത്. പണമോ വിലപിടിപ്പുള്ള സമ്മാനങ്ങളോ വേണ്ടെന്നും തന്റെ സന്തോഷത്തിൽ പങ്കുചേരാൻമാത്രം എത്തിയാൽ മതിയെന്നും അഭ്യർഥിച്ചു.
പത്തോ ഇരുപതോ പേർ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഭക്ഷണവും സമ്മാനങ്ങളുമായി എത്തിയവർ മാത്രമല്ല, സൗജന്യമായി പാചകംചെയ്യാനും വിവാഹ ഒരുക്കങ്ങൾ നടത്താനും ആളുകൾ മത്സരിച്ചു. വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, കന്നുകാലികൾ തുടങ്ങി പലതരം സമ്മാനങ്ങൾ നിരന്നു. ജനത്തിരക്ക് പ്രതീക്ഷിച്ചതിലും ഏറിയതോടെ വിവാഹം വലിയ പൊതുസ്ഥലത്തേക്ക് മാറ്റേണ്ടിവന്നു
