റോഡപകടങ്ങളില്‍ ജീവൻ രക്ഷിക്കാൻ 'ഗോള്‍ഡൻ ഗോള്‍' പദ്ധതിയുമായി ആരോഗ്യവകുപ്പ്


തിരുവനന്തപുരം:-സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങളും ഗുരുതര പരിക്കുകളും ഉയർത്തുന്ന പൊതുജനാരോഗ്യ വെല്ലുവിളികള്‍ നേരിടാൻ 'ഗോള്‍ഡൻ ഗോള്‍' പദ്ധതിയുമായി ആരോഗ്യവകുപ്പ് .അപകടത്തില്‍പ്പെടുന്നവരെ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച്‌ അനുയോജ്യമായ ആശുപത്രികളില്‍ മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ച്‌ സമയബന്ധിത ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 108 ആംബുലൻസുകള്‍ക്കു പുറമെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, മറ്റ് സർക്കാർ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴിലുള്ള ആംബുലൻസുകളെയും ഏകോപിപ്പിക്കും. ഇതിനായി അടിയന്തര ആംബുലൻസ് സേവനത്തിനായുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്റർ വിപുലീകരിക്കും. രണ്ടാംഘട്ടത്തില്‍ സ്വകാര്യ ആംബുലൻസുകളെയും സന്നദ്ധ സംഘടനകളുടെ ആംബുലൻസുകളെയും പദ്ധതിയുടെ ഭാഗമാക്കും.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.

ആംബുലൻസുകളും ആശുപത്രികളും ഏകോപിപ്പിക്കും

സംസ്ഥാനത്ത് 335 പുതിയ 108 ആംബുലൻസുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് അടിയന്തര പരിചരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതി. അപകടത്തിന് ശേഷമുള്ള നിർണായക ആദ്യ മണിക്കൂറില്‍ ജീവൻ രക്ഷിക്കുക, അടിയന്തര ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കുക, ചികിത്സയ്ക്കായി കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

സർക്കാർ ആശുപത്രികള്‍ക്കു പുറമെ കാസ്പ്-പി.എം.ജെ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളിലേക്കും രോഗികളെ എത്തിക്കും. സന്നദ്ധരാകുന്ന മറ്റ് സ്വകാര്യ ആശുപത്രികളെയും സ്വകാര്യ ആംബുലൻസുകളെയും ഉള്‍പ്പെടുത്തി രണ്ടാംഘട്ടത്തില്‍ പദ്ധതി വിപുലീകരിക്കാനാണ് തീരുമാനം.

ജിപിഎസ് സംവിധാനത്തിലൂടെ വേഗത്തിലുള്ള ഇടപെടല്‍

കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച്‌ സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് എന്നിവയുടെ സഹായത്തോടെ അപകടസ്ഥലത്തേക്ക് അനുയോജ്യമായ ആംബുലൻസിനെ വേഗത്തില്‍ അയയ്ക്കും.അപകടസ്ഥലത്തുനിന്ന് ആംബുലൻസിലേക്കും തുടർന്ന് കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്ററിലേക്കും പരിക്കേറ്റയാളുടെ ആരോഗ്യനില, ജീവസൂചകങ്ങള്‍, പരിക്കിന്റെ സ്വഭാവം തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി കൈമാറും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗിയെ ഏത് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആംബുലൻസ് ജീവനക്കാർക്ക് നിർദേശം നല്‍കും.

രോഗി എത്തുന്നതിനു മുമ്പുതന്നെ ആശുപത്രിയില്‍ വിവരങ്ങള്‍ ലഭ്യമാക്കും. ഇതുവഴി ഡോക്ടർമാർക്കും ട്രോമാ ചികിത്സാ സംഘങ്ങള്‍ക്കും ശസ്ത്രക്രിയാ വിഭാഗങ്ങള്‍ക്കും രക്തബാങ്കുകള്‍ക്കും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനാകും. ചികിത്സ വൈകാതെ ആരംഭിക്കാനും രോഗിയെ അനുയോജ്യമായ ചികിത്സാ കേന്ദ്രത്തിലെത്തിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

ആരോഗ്യവകുപ്പിനൊപ്പം പൊലീസ്, മോട്ടോർ വാഹനവകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ദുരന്തനിവാരണ അതോറിറ്റി, സ്വകാര്യ ആശുപത്രികള്‍ എന്നിവയുടെ ഏകോപനത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

ജീവൻ രക്ഷിക്കുന്നവർക്ക് ആദരം

അപകടം കണ്ടയുടൻ 108ല്‍ വിളിക്കുക, അപകടസ്ഥലം കൃത്യമായി അറിയിക്കുക, പരിക്കേറ്റവരെ സുരക്ഷിതമായി കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കും.

സമയബന്ധിതമായി ഇടപെട്ട് ജീവൻ രക്ഷിക്കുന്ന പൗരന്മാർ, ആംബുലൻസ് ജീവനക്കാർ, കോള്‍ സെന്റർ പ്രവർത്തകർ, ആശുപത്രികളിലെ ട്രോമാ ചികിത്സാ സംഘങ്ങള്‍, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ എന്നിവരെ ആദരിക്കാനും പദ്ധതിയില്‍ ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു.

Previous Post Next Post