ഇവിടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് സദ്യയോടൊപ്പം സിനിമയും കണ്ട് മടങ്ങാം !!
മയ്യിൽ :- മയ്യിൽ തായം പൊയിലിൽ സഫദർ ഹാശ്മി വായനശാല മുൻ പ്രസിഡന്റ് സന്തോഷ് കുമാറിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്താൽ വിരുന്നുകാർക്ക് വിഭവ സമൃദ്ധമായ സദ്യ മാത്രമല്ല ലഭിക്കുക ഒരു നല്ല സിനിമ നാട്ടുകാരോടും ബന്ധുക്കളോടും ഒപ്പം ആസ്വദിച്ചിരുന്ന് കാണാനുള്ള ഭാഗ്യവും ലഭിക്കും.
അതും ഗൃഹപ്രവേശനം നടക്കുന്ന അതേ വീട്ടിനു മുന്നിൽ വച്ച് തന്നെ !!
സന്തോഷ് കുമാറിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് പുതിയ വീട്ടിൽ ഇന്നലെ രാത്രിയാണ് സിനിമാ പ്രദർശനം നടന്നത്.
വായനശാല പ്രവർത്തകരുടെ വീടുകളിൽ വിവാഹം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകൾക്ക് പുസ്തക സംവാദം, സിനിമ പ്രദർശ്ശനം തുടങ്ങിയ പരിപാടികൾ ഇവിടെ പതിവാണ്.
വീട്ടുമുറ്റ പുസ്തക സംവാദങ്ങൾ പോലെ, വീട്ടുമുറ്റ ചർച്ചകൾ പോലെ, കൂട്ടായ്മകളെ വിളക്കിച്ചേർക്കുന്ന മറ്റൊന്നാണ് വീട്ടുമുറ്റ സിനിമയെന്ന് ഇവിടെ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ഭാരവാഹികൾ തിരിച്ചറിയുന്നു.
വൈവിധ്യങ്ങൾ തേടിയുള്ള അന്വേഷണത്തിലെ മറ്റൊരു ഉശിരൻ ആശയമായിരുന്നു വിട്ടുമുറ്റ സിനിമ എന്നത് . ചൂട്ടുകറ്റ തെളിച്ച് ചെമ്മൺ നിരത്തിലൂടെ ഗ്രാമത്തിലെ പല വീട്ടുകാർ ഒത്തുചേർന്ന് യാത്ര ചെയ്ത് മയ്യിൽ വിനതയിൽ നിന്ന് തനിയാവർത്തനവും, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും, എന്റെ മാമാട്ടിക്കുട്ടിയമ്മയും കണ്ട മൂന്നര പതിറ്റാണ്ടുമുൻപത്തെ ഭൂതകാലത്തെ ഓർമപ്പെടുത്താൻ കൂടിയായിരുന്നു ഈ വീട്ടുമുറ്റ സിനിമയുടെ സംഘാടനം.
അയൽപക്കക്കാരായ വീട്ടുകാർ ഒരുമിച്ച് ഒരു വീട്ടുമുറ്റത്ത് ഒത്തുചേർന്ന് ഒരു സിനിമ കാണുമ്പോൾ ഉണ്ടാവുന്ന കൂട്ടായ്മയുടെ മധുരം തൊട്ടറിയുകയായിരുന്നു ഇവിടെ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ഭാരവാഹികൾ.
എം വി സുരേഷിന്റെ ഗൃഹപ്രവേശം വായിച്ചുകൂടലാക്കി മാറ്റിയതുപോലെ, ഉമേഷിന്റെയും നീതുവിന്റെയും കല്യാണനാളിൽ വീട്ടുമുറ്റ പുസ്തക സംവാദവും ഒരുക്കിയ പോലെ മറ്റൊരു ആഹ്ലാദകരമായ ഒത്തുചേരൽ ആയി മാറി സന്തോഷ് കുമാറിന്റെ പുതിയ വിട്ടുമുറ്റത്ത് ഇന്നലെ രാത്രി ഒരുക്കിയ കെ രാമചന്ദ്രനും എസ് ജാനകീദേവിയും തമ്മിലുള്ള അനശ്വരപ്രണയത്തിന്റെ കാഴ്ചകൾ സമ്മാനിച്ച "96" എന്ന സിനിമ .