സ്റ്റേഷനിലെത്തും മുമ്പേ ടിക്കറ്റ്: പരിഷ്കരിച്ച മൊബൈൽ ആപ്പുമായി റെയിൽവേ
പാലക്കാട്: സ്റ്റേഷനിൽ വരിനിന്ന് ടിക്കറ്റെടുക്കാൻ ഇനിയും ബുദ്ധിമുട്ടരുത്. മൊബൈൽ ആപ്പ് കൂടുതൽ ലളിതമാക്കി പ്രചാരണത്തിനിറങ്ങിയിരിക്കയാണ് ഇപ്പോൾ റെയിൽവേ. UTS APP ഡൗൺലോഡ് ചെയ്താണ് ടിക്കറ്റെടുക്കേണ്ടത്.
റിസർവ് ചെയ്യാതെപോകുന്ന മൊത്തം യാത്രക്കാരിൽ ഒരുശതമാനംപോലും ആപ്പ് ഉപയോഗിക്കാതിരുന്നതോടെയാണ് റെയിൽവേ ഇതിന് കൂടുതൽ ഊന്നൽ നൽകിത്തുടങ്ങിയത്. 2018 ഏപ്രിൽമുതൽ ആപ്പ് പ്രയോഗത്തിലുണ്ട്. പാലക്കാട് ഡിവിഷനിൽ ഏപ്രിലിൽ 0.34 ശതമാനമായിരുന്നു മൊബൈൽ ആപ്പ് ഉപയോഗിച്ചിരുന്നവർ. ബോധവത്കരണത്തിലൂടെയും ആപ്പ് ലളിതമാക്കിയും ഡിസംബറിൽ ഇത് 2.85 ശതമാനമായി. മൊബൈൽ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം 10 ശതമാനമാക്കണമെന്നാണ് റെയിൽവേ ബോർഡിന്റെ ലക്ഷ്യം.
സാധാരണ യാത്രാടിക്കറ്റുകൾക്ക് പുറമേ സീസൺടിക്കറ്റും പ്ലാറ്റ് ഫോം ടിക്കറ്റും ആപ്പ് വഴി ലഭിക്കും. ആപ്പ് മൊബൈൽനമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. റെയിൽവേസ്റ്റേഷന് തൊട്ടടുത്തുവെച്ച് ടിക്കറ്റെടുക്കാം. എന്നാൽ, സ്റ്റേഷനകത്തുവെച്ചോ തീവണ്ടിയിൽവെച്ചോ ടിക്കറ്റെടുക്കാൻ പറ്റില്ല. െക്രഡിറ്റ്-ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിങ്, റെയിൽവാലറ്റ് എന്നിവ വഴിയെല്ലാം തുക നൽകാം.
ആപ്പ്‌വഴി ടിക്കറ്റ് തുടങ്ങിയ സമയത്ത് ആദ്യം സ്റ്റേഷനിൽനിന്ന് ടിക്കറ്റ് പ്രിന്റ് എടുക്കണം എന്നുണ്ടായിരുന്നു. ഇതാണ് കൂടുതൽപേർ സംവിധാനം ഉപയോഗിക്കാതിരിക്കാൻ കാരണമായത്. ഇപ്പോൾ പ്രിന്റ് എടുക്കേണ്ട. ടിക്കറ്റ് പരിശോധകർ എത്തുമ്പോൾ മൊബൈലിൽത്തന്നെ കാണിച്ചാൽ മതി.
സ്മാർട്ട്ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നവർ കൂടുതലാണെങ്കിലും മലയാളികളേക്കാൾ വേഗം മൊബൈൽ ആപ്പ് സ്വീകരിച്ചത് തമിഴ്നാട്ടുകാരാണ്. എപ്രിലിൽ 0.62 ശതമാനമായിരുന്നു പൊള്ളാച്ചിമേഖലയിൽ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവർ. ഡിസംബറിൽ ഇത് 25.77 ശതമാനമായി. പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രവർത്തനങ്ങളും സഹായകമായി. കോഴിക്കോട് 0.42-ൽനിന്ന് 3.69 ആയി. കണ്ണൂരിൽ 0.52-ൽനിന്ന് 3.15 ആയി. പാലക്കാട് 0.39-ൽനിന്ന് 2.94ഉം ഷൊർണൂരിൽ 0.27-ൽനിന്ന് 2.46ഉം ആയി. ഡിജിറ്റൽ സിറ്റിയായ മംഗളൂരുവിൽ 0.06 ശതമാനത്തിൽ നിന്ന് 0.97 ശതമാനമായി.