'അതിജീവനം' ഡോക്യുമെന്ററി ഫെസ്‌റ്റിന് തുടക്കമായി
മയ്യിൽ :- ഇൻഫർമേഷൻ & പബ്ലിക് റിലേഷൻ വകുപ്പും തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയവും സംഘടിപ്പിക്കുന്ന 'അതിജീവനം' ത്രിദിന ഡോക്യുമെന്ററി ഫെസ്റ്റ് സംവിധായകൻ ടി ദീപേഷ് ഉദ്ഘാടനം ചെയ്തു.ശ്രീധരൻ സംഘമിത്ര അധ്യക്ഷനായി. എം ജിജേഷ് സ്വാഗതവും കെ സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി നടന്ന 'നവോത്ഥാന കേരളം' ജില്ലാതല ഓപ്പൺ ടു ഓൾ ക്വിസ് പി കെ ശ്രീപ്രകാശ്, ടി സി ജംഷീർ എന്നിവർ നയിച്ചു. ടി വി ശ്രീനാഥ് (മട്ടന്നൂർ പാലോട്ടുപള്ളി) - പി എ അശ്വതി (വേങ്ങാട്) ടീം ഒന്നാം സ്ഥാനം നേടി.കെ വി രത്നാകരൻ (ആലപ്പടമ്പ്) - കെ പി സാഹിദ് ഉമർ(മാട്ടൂൽ) ടീം രണ്ടാം സ്ഥാനവും കെ അനില -എൻ വി സിന്ധു (മയ്യിൽ) ടീം മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് 2000, 1500, 1000 രൂപ വീതം ക്യാഷ് അവാർഡ് നൽകി.
എം വേണുകുമാറിന്റെ 'പ്രളയശേഷം ഹൃദയപക്ഷം' ആയിരുന്നു ഉദ്ഘാടന ചിത്രം. തുടർന്ന് ടി രാജീവ് നാഥിന്റെ 'പി പത്മരാജൻ - മലയാളത്തിന്റെ ഗന്ധർവൻ', പ്രിയനന്ദനന്റെ 'വൈലോപ്പിളളി ഒരു കാവ്യജീവിതം' എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
രണ്ടാം ദിനമായ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് എം ജി ശശി സംവിധാനം ചെയ്ത 'അഴീക്കോട് മാഷ്', പി ബാലചന്ദ്രൻ ഒരുക്കിയ 'വി സാംബശിവൻ - കഥാകഥനത്തിന്റെ രാജശിൽപി', കെ ജി ജോർജിന്റെ 'വള്ളത്തോൾ മഹാകവി' എന്നീ ഡോക്യുമെന്ററികളുടെ പ്രദർശനവും ഓപ്പൺ ഫോറവും നടക്കും.
സമാപനദിനമായ ചൊവ്വാഴ്ച വൈകിട്ട് ആറിന് കടമ്മനിട്ടയുടെ ജീവിതം പ്രമേയമായി ജയരാജ് ഒരുക്കിയ 'കടമ്മൻ -പ്രകൃതിയുടെ പടയണിക്കാരൻ', ടി വി ചന്ദ്രൻ സംവിധാനം ചെയ്ത 'രാമുകാര്യാട്ട്-സിനിമയും സ്വപ്നവും', വി ആർ ഗോപിനാഥ് സംവിധാനം ചെയ്ത 'പ്രേം നസീർ - ദേവനായകൻ' എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഓപ്പൺ ഫോറവും ഉണ്ടാകും.