മയ്യിൽ:- റോഡ് നവീകരണത്തിനായി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിന്റെ മതിൽ പൊളിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി . മയ്യിൽ -കാഞ്ഞിരോട് റോഡ് നവീകരണത്തിനായാണ് പ്രസ്തുത മതിൽ പൊളിക്കുന്നത്.
മയ്യിൽ ടൗണിൽനിന്ന് പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിന്റെ ഭാഗമാണ് പൊളിച്ചുമാറ്റാൻ ഉത്തരവ് ലഭിച്ചത്. ഇവിടെയുള്ള സർക്കാർ സ്ഥലമേറ്റെടുത്തതോടെ മറുഭാഗത്തെ സ്വകാര്യവ്യക്തികൾ സ്ഥലം റോഡിനായി വിട്ടുനൽകാൻ തയ്യാറായിരിക്കുകയാണ്. റോഡിന്റെ തുടക്കമായ മയ്യിൽ ടൗണിൽ വികസനം ചുവപ്പുനാടയിൽ കുടുങ്ങി നിശ്ചലമായതോടെ പ്രവൃത്തി പൂർത്തിയാക്കുന്നതിന് തടസ്സമായി നിൽക്കുകയായിരുന്നു. മയ്യിൽ ടൗണിൽനിന്ന് കാഞ്ഞിരോട് വരെയുള്ള 9.5 കിലോമീറ്റർ റോഡാണ് 10 മീറ്ററാക്കി വികസിപ്പിച്ച് മെക്കാഡം ടാറിങ്ങിന് ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി 24 കോടി രൂപയ്ക്ക് കരാറേറ്റെടുത്തിരുന്നത്. എല്ലാ ഭാഗങ്ങളിലുമുള്ള സ്ഥലമെടുപ്പും അരികു കെട്ടലും മറ്റും പൂർത്തിയാക്കിയെങ്കിലും ടാറിങ്ങിന്റെ വീതിയെക്കുറിച്ച് അന്തിമതീരുമാനവും ഉറപ്പായതായി കരാറുകാർ അറിയിച്ചു. ഏഴുമീറ്റർ ടാറിങ്ങിനായി എസ്റ്റിമേറ്റ് പുതുക്കാൻ നൽകിയ അപേക്ഷയിൽ സാങ്കേതികാനുമതി ഉടൻ ലഭിക്കും.
സ്കൂൾ മൈതാനത്തിന്റെ മതിൽ പൊളിക്കുന്നതിനുള്ള നടപടിക്ക് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി, അസി. എൻജിനീയർ എം.പി.ബാബുരാജൻ, മയ്യിൽ വില്ലേജ് ഓഫീസർ സി.കെ.നാരായണൻ, വില്ലേജ് അസിസ്റ്റന്റ് കെ.സന്തോഷ്, പഞ്ചായത്തംഗംങ്ങളായ രവി മാണിക്കോത്ത്, സി.കെ.പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.