ആദ്യ ജലയാത്ര പഴയങ്ങാടിയിൽനിന്ന് പറശ്ശിനിക്കടവിലേക്ക്
പറശ്ശിനിക്കടവ്: - വിനോദസഞ്ചാരികളുടെയും തീർഥാടകരുടെയും പറുദീസയാകാനൊരുങ്ങുന്നു പറശ്ശിനിക്കടവ് .
കണ്ണൂർ, കാസർകോട് ജില്ലകളിലെ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന മലനാട് മലബാർ റിവർക്രൂസ് പദ്ധതിയുടെ ആദ്യഘട്ടമായ പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെർമിനലുകളുടെ ഉദ്‌ഘാടനം ഒക്ടോബർ 22ന് നടക്കും. ( Kolacheri Varthakal Online)
മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരക്ക് സമീപമാണ് പറശ്ശിനിക്കടവ് ടെർമിനൽ ഒരുക്കിയത്. അഞ്ച് കോടിയോളം രൂപയാണ് ചിലവ്.
ജെട്ടിയിൽനിന്ന് പറശ്ശിനി പാലത്തിലേക്ക് എളുപ്പം എത്തിച്ചേരാൻ പ്രത്യേകവഴി, ജെട്ടിയോട് ചേർന്ന് വാഹന പാർക്കിങ് സൗകര്യം, ജെട്ടിയിൽ നിന്നും മുത്തപ്പൻ സന്നിധാനത്തേക്ക് പുഴക്ക് മുകളിലൂടെ നടപ്പാത എന്നിവ പറശ്ശിനിക്കടവിലെ ബോട്ട് ടെർമിനലിൻ്റെ പ്രത്യേകതകളാണ്.
സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ 17 ടെർമിനലുകളുടെ പ്രവൃത്തി ഉദ്‌ഘാടനം 2018 ജൂൺ 30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. മാഹി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി പുഴകളിലായി 17 ടെർമിനലുകളുടെയും ബോട്ട് ജെട്ടി, വാക് വേ, ടോയ്‌ലറ്റ് എന്നിവയുടെയും നിർമാണം പുരോഗമിക്കുന്നുണ്ട്. പഴയങ്ങാടിയിൽനിന്ന് പറശ്ശിനിക്കടവിലേക്കായിരിക്കും ആദ്യം ജലയാത്ര നടക്കുക.
തളിപ്പറമ്പ്, അഴീക്കോട്, കല്യാശേരി മണ്ഡലങ്ങളിലായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽനിന്ന് സ്വദേശ് ദർശൻ സ്‌കീമിൽ 80.37 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. വൈവിധ്യം നിറയും സർക്യൂട്ടുകൾ, മുത്തപ്പൻ ആൻഡ് മലബാറി കുസിൻ ക്രൂസ്, കണ്ടൽ ക്രൂസ്, തെയ്യം ക്രൂസ് എന്നീ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള റൂറൽ സർക്യൂട്ടുകളാണ് പദ്ധതിയിലുള്ളത്. 30 ബോട്ട് ജെട്ടി, ബോട്ട് റേസ് ഗ്യാലറി, ആർട്ടിസാൻസ് ആല, ഫുഡ് കോർട്, കുക്കിങ് ഡമോൺസ്‌ട്രേഷൻ സെന്റർ, തെയ്യം പെർഫോമിങ് യാർഡ്, മഡ്‌വാൾ മ്യൂസിയം, സൈക്കിൾ ട്രാക്ക്, ഏറുമാടം തുടങ്ങിയവ ഉൾപ്പെടും.
തീർഥാടക നഗരിയിലെത്തുന്ന ടൂറിസ്റ്റുകളടക്കമുള്ളവരെ ലക്ഷ്യമിട്ട്, വളപട്ടണം പുഴയുടെ ചാരുത നേരിട്ടുകാണുന്നതിനും ആസ്വദിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളാണ് പദ്ധതിയിലൂടെ വിഭാവനംചെയ്യുന്നത്.