തിരുവനന്തപുരം :- കാട്ടുപന്നിയെ വെര്‍മിന്‍ (ശല്യക്കാരിയായ മൃഗം) ആക്കാന്‍ കേന്ദ്ര അനുമതി തേടാന്‍ ഉത്തരവായി.
കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അവയെ വെര്‍മിന്‍ ആയി പ്രഖ്യാപിച്ചു കൂട്ടത്തോടെ നശിപ്പിക്കാന്‍ വേണ്ട നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ് നല്കി.കേരളത്തിലെ വനമേഖലക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ കാട്ടുപന്നി ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ വളരെ കര്‍ക്കശമായതിനാല്‍ വലിയ തോതില്‍ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാന്‍ വനം വകുപ്പിന് ആയില്ല.ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യം ഉള്ള മേഖലകളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഉദ്യോഗസ്ഥര്‍ക്ക് പുറമെ തോക്ക് ലൈസന്‍സുള്ള നാട്ടുകാര്‍ക്കും അവയെ വെടിവച്ചുകൊല്ലാന്‍ ഈ സര്‍ക്കാര്‍ അനുമതി നല്കി ഉത്തരവായത്. ആ ഉത്തരവ് ഇപ്പോള്‍ നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു.
എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവ് കാണാത്തതിനാല്‍ അവയെ വെര്‍മിന്‍ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാന്‍ ഈ സര്‍ക്കാര്‍ ആലോചിച്ചത്. അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാല്‍ നാട്ടില്‍ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ വകുപ്പിന് സാധിക്കും. പക്ഷെ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്.
അത് തേടുന്നതിന് നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും അതിന് ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകള്‍, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങള്‍ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അനുമതി ലഭിക്കും. ഇപ്പോള്‍ അതെല്ലാം ശരിയാക്കി കേന്ദ്രത്തിന് അയക്കാന്‍ ഉത്തരവ് നല്കി. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടുപന്നി ആക്രമണം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.
കാട്ടുപന്നിയുടെ വിളയാട്ടത്തിൽ വിളകൾ നഷ്ടപ്പെട്ട സംഭവങ്ങൾ അനവധിയാണ്. അധികാരികളുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിയിട്ടുണ്ടെങ്കിലും നിയമത്തിലെ പരിരക്ഷ മൂലം പന്നികളെ ഒന്നും ചെയ്യാൻ കഴിയാത്ത ദുരവസ്ഥയാണ് നിലവിൽ.വിള നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള അർഹതയുള്ളത് കൊണ്ട് ധാരാളം പേർ ആ വഴിക്ക് ചിന്തിക്കുകയും പന്നിയെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കി കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ഇതിനൊരു മാറ്റം വരുത്താനാണ് സർക്കാർ ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്.