പുരസ്കാര വിതരണം ഒക്ടോബർ 29 വ്യാഴാഴ്ച
കണ്ണൂർ :- ജില്ലയിലെ മികച്ച വനിതാവേദി പ്രവർത്തനത്തിനുള്ള 2019-20 വർഷത്തെ ജി.ഡി.മാസ്റ്റർ പുരസ്കാരം സഫ്ദർ ഹാഷ്മി വായനശാലയ്ക്ക്.വനിതാരംഗത്ത് നൂതനങ്ങളായിട്ടുള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ജില്ലയിലെ A + ഗ്രന്ഥാലയമാണ്.
ജില്ലാ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറിയും, സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്ന ജി.ഡി.മാസ്റ്ററുടെ പേരിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ പയ്യന്നൂർ അന്നൂർ വേമ്പൂ സ്മാരക ഗ്രന്ഥാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും മൊമെന്റോയുമാണ് പുരസ്കാരം. ഒക്ടോബർ 29 വ്യാഴാഴ്ച കോവിഡ് പ്രോട്ടോകോൾ പാലിച്ച് അന്നൂർ വേമ്പൂ സ്മാരക ഗ്രന്ഥാലയത്തിൽ വെച്ച് നടക്കുന്ന ജി.ഡി.മാസ്റ്റർ അനുസ്മരണ പരിപാടിയിൽ പുരസ്ക്കാരം വിതരണം ചെയ്യും. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ.കെ.കെ. ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ ശ്രീ. ടി.ഐ.മധുസൂദനൻ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തും.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.പി.കെ.വിജയൻ പുരസ്കാരം വിതരണം ചെയ്യും.
ലൈബ്രറി കൗൺസിൽ ജില്ലാ എക്സി: കമ്മിറ്റി അംഗം ശ്രീ. വൈക്കത്ത് നാരായണൻ മാസ്റ്റർ, പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.കെ.ശിവകുമാർ ലൈബ്രറി കൗൺസിൽ പയ്യന്നൂർ മേഖല, നേതൃസമിതി തല ഭാരവാഹികൾ തുടങ്ങി ലൈബ്രറി രംഗത്തെ സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ സംബന്ധിക്കും.