ചി​റ​ക്ക​​ല്‍ പഞ്ചായത്തിൽ LDF സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ത്രിക ത​ള്ളി ; ഡമ്മിയായി പത്രിക നൽകിയാൾ സ്ഥാനാർത്ഥിയായി


കണ്ണൂര്‍ :- 
ചിറക്കല്‍ പഞ്ചായത്തിൽ സി.പി.എം സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡായ ‌അരയമ്പേത്തെ സ്ഥാനാര്‍ഥി എ.എം. ശ്രീധരെന്‍റ പത്രികയാണ് തള്ളിയത്.

 2009ല്‍ സി.പി.എം പ്രവര്‍ത്തകനായ ഒ.ടി. വിനീഷിനെ എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിരവധിപരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതില്‍ ചിറക്കല്‍ കുന്നുംകൈയിലെ എന്‍.ഡി.എഫുകാരുടെ വീട് ആക്രമിച്ച കേസില്‍ പ്രതിയായിരുന്നു സി.പി.എം ചിറക്കല്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമായ എ.എം.ശ്രീധരന്‍. ആറ് കേസുകളാണ് ആക്രമണവുമായി ബന്ധപ്പെട്ട് ചുമത്തിയത്. ഇതില്‍ അഞ്ചുകേസ് തള്ളി. ഒരു കേസില്‍ സെഷന്‍സ് കോടതി അഞ്ചു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ശ്രീധരനുള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. 

ഈ കേസ് ഹൈകോടതിയില്‍ വിചാരണ നടക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ചിറക്കല്‍ പഞ്ചായത്ത് റിട്ടേണിങ് ഓഫിസര്‍ പത്രിക തള്ളിയത്. ഇതേ വാര്‍ഡില്‍ സി.പി.എം പ്രവര്‍ത്തകനും ഇതേ കേസിലെ പ്രതിയുമായ ഉല്ലാസനും പത്രിക നല്‍കിയിരുന്നു. ഉല്ലാസന്‍റ പത്രികയും തള്ളി. 

എ.എം. ശ്രീധരന്‍ 2010-15 ഭരണസമിതി കാലയളവില്‍ ചിറക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 

ശ്രീധരെന്‍റ പത്രിക തള്ളിയതിനാല്‍ ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ പി. അനീഷ് കുമാറാണ് എൽ ഡി എഫ്  സ്ഥാനാര്‍ഥി. ഓട്ടോറിക്ഷ ഡ്രൈവറായ അനീഷ് കുമാർ പട്ടികജാതി ക്ഷേമസമിതി കണ്ണൂര്‍ ഏരിയ കമ്മിറ്റി അംഗമാണ്.

Previous Post Next Post