വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ചു നൽകുന്നതിനായി കാരുണ്യ അറ്റ് ഹോം പദ്ധതി

 deliver medicine kerala budget


വയോജനങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്കും മറ്റും സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കും മരുന്ന് വീട്ടിലെത്തിച്ചു നൽകുന്നതിനായി കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാവും പദ്ധതി നടപ്പിലാക്കുക.

കമ്പോള വിലയേക്കാൾ താഴ്ന്ന നിരക്കിൽ കാരുണ്യ ഫാർമസികളിൽ നിന്നും മരുന്ന് വീട്ടിൽ എത്തിച്ചു നൽകുന്ന ഈ പദ്ധതിയിൽ വയോജനങ്ങൾക്ക് 1 ശതമാനം അധിക ഇളവും നൽകും. രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് കൃത്യമായ പ്രിസ്ക്രിപ്ഷന്റെ അടിസ്ഥാനത്തിലുള്ള മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുകയാണ് ചെയ്യുക.

എല്ലാ വാർഡുകളിലും വയോ ക്ലബ്ബ് സ്ഥാപിക്കും. കഴിഞ്ഞ ബജറ്റിൽ മുന്നോട്ടുവച്ച സുപ്രധാന തീരുമാനമായിരുന്നു ഇതെങ്കിലും കൊവിഡു കാലത്ത് ഇത്തരത്തിലൊരു കൂടിച്ചേരൽ കേന്ദ്രം റിവേഴ്സ് ക്വാറന്റൈൻ മാനദണ്ഡങ്ങൾക്കു വിരുദ്ധമാകുമായിരുന്നു. എന്നാൽ 2021-22ൽ കൊവിഡ് പിൻവാങ്ങുന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിനുള്ള നടപടി സ്വീകരിക്കും. ഈ കാലയളവിൽ 5000 വയോക്ലബ്ബുകൾ ആരംഭിക്കും. പുതിയ കെട്ടിടങ്ങൾ പണിയേണ്ടതില്ല. നിലവിലുള്ള വായനശാലകളെയും വാടകയ്ക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്താം. വയോജന അയൽക്കൂട്ടങ്ങൾ ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും 290 കോടി രൂപയെങ്കിലും വയോജനങ്ങൾക്കായി മാറ്റിവയ്ക്കുന്നതിന് അവർ ബാധ്യസ്ഥരാണ്. വയോമിത്രം, സായംപ്രഭ സ്കീമുകൾക്കു 30 കോടി രൂപ വകയിരുത്തി.

Previous Post Next Post