ഇന്ന് മുതൽ റോഡ് മിനുക്കുന്ന പ്രവൃത്തി
താഴെ ചൊവ്വ :- ദേശീയപാതയിൽ താഴെചൊവ്വ റെയിൽവേ ഗേറ്റ് മുതൽ ചേംബർ ഹാൾ വരെ കോൾഡ് മില്ലിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടാറിങ് പൂർത്തിയായി. താഴെചൊവ്വ റെയിൽവേ ഗേറ്റ് മുതൽ ചേംബർ ഹാളിന് മുൻവശം വരെയുള്ള മൂന്നുകിലോമീറ്ററും നടാൽ മുതൽ കൊടുവള്ളി വരെയുള്ള ഏഴു കി.മീ.ദൂരവുമാണ് നവീകരിക്കുന്നത്. മേലെ ചൊവ്വ മുതൽ ചേംബർ വരെയുള്ള ഭാഗമാണ് ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയാക്കിയത്.
ബുധനാഴ്ച മുതൽ 12 വരെ കോൾഡ് മില്ലിങ്ങിന് മുകളിൽ റോഡ് മിനുക്കുന്നതിനുള്ള പ്രവൃത്തി നടക്കും. താണ മുതൽ ചേംബർ വരെ ആദ്യം പൂർത്തിയാക്കും. തുടർന്ന് ബാക്കിഭാഗത്തും മേൽപാളിയിലെ ടാറിങ് നടത്തും. കോൾഡ് മില്ലിങ് പൂർത്തിയായെങ്കിലും നിലവിലെ ഗതാഗതനിയന്ത്രണം തുടരാനാണ് പോലീസിന്റെ തീരുമാനം. റോഡിൽ പ്രവൃത്തി പുരോഗമിക്കുമ്പോൾ പൂർണമായും റോഡ് തുറന്നുനൽകുന്നത് നഗരത്തിൽ കുരുക്ക് രൂക്ഷമാക്കുമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച താഴെചൊവ്വ മുതൽ താണവരെ രണ്ടു ഭാഗത്തെയും റോഡുകൾ തുറക്കുമെന്ന് ദേശീയപാത വിഭാഗം അസി. എക്സി. എൻജിനീയർ ടി.പ്രശാന്ത് അറിയിച്ചു.
ആലപ്പുഴ ജില്ലയിലാണ് സംസ്ഥാനത്ത് ആദ്യമായി കോൾഡ് മില്ലിങ് രീതിയിൽ ടാറിങ് നടത്തിയത്. ചെലവ് കുറവും ഉറപ്പേറിയ റോഡും ലഭിക്കുമെന്നതാണ് കോൾഡ് മില്ലിങ്ങിന്റെ പ്രത്യേകത. 27.91 കോടി രൂപ ചെലവഴിച്ചാണ് ചേംബർ മുതൽ കൊടുവള്ളി വരെയുള്ള 17 കി.മീ. റോഡ് നവീകരിക്കുന്നത്.