ശരണംവിളിയുടെ പാരമ്യത്തിൽ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ശബരിമലയിൽ ജ്യോതി തെളിയുന്നതും കാത്ത് ആകാശത്തേക്ക് കണ്ണയച്ചു നിൽക്കുകയായിരുന്നു ഭക്തർ. തിരുവാഭരണങ്ങൾ ഭഗവാന് ചാർത്തി ദീപാരാധന തീരുമ്പോൾ ആ കണ്ണുകളെല്ലാം പൊന്നമ്പലമേട്ടിൽ. ഇരുൾവീഴും മുമ്പ് 6.45ന് ജ്യോതി തെളിഞ്ഞപ്പോൾ ശരണം വിളികൾ ഉച്ചസ്ഥായിലായി.
സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും ചേർന്ന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തി. ദീപാരാധനയ്ക്ക് പിന്നാലെ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്ന് തവണ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. ഭക്തിയും അപൂർവതയും ഒത്തുചേർന്ന മകരവിളക്ക് ദർശനത്തിൽ അയ്യപ്പ ഭക്തരുടെ മനം നിറഞ്ഞു.