ലോകം എങ്ങും മാർച്ച് 8 ന് ആണ് വനിതാ ദിനം ആചരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ശ്രീമതി സരോജിനി നായിഡുവിന്റെ ജന്മദിനം ആയ ഫെബ്രുവരി 13 വനിതാദിനം ആയി ആചരിച്ചു വരാറുണ്ട്.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സരോജിനി നായിഡു സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയുമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവയായിരുന്ന സരോജിനി നായിഡു ദണ്ഡി യാത്രയിൽ മഹാത്മാഗാന്ധിയെ അനുഗമിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ (ഉത്തർപ്രദേശ്). സരോജിനി നായിഡുവിെൻറ പിറന്നാൾ ദിനം ഇന്ത്യയിൽ വനിതാദിനം ആയി ആചരിക്കുന്നു. എന്നാൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് 8-നാണ്. 1905-ൽ ആദ്യ കവിതാ സമാഹാരമായ ‘ദ് ഗോൾഡൻ ത്രെഷോൾഡ്’ (The Golden Threshold) പ്രസിദ്ധപ്പെടുത്തി, ദി ബ്രോക്കൺ വിങ്(The Broken Wing), ദി ഫെതർ ഓഫ് ദി ഡോൺ (The Feather of the Dawn) എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങൾ. ദേശീയ പ്രസ്ഥാനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി നായിഡു സ്ത്രീ വിമോചനം, സാമൂഹിക പരിഷ്കരണം, സാഹിത്യം എന്നീ മേഖലകളിലും സജീവമായിരുന്നു. കവിതയുടെ ഉപാസകയായ ഇവർ ‘ഇന്ത്യയുടെ വാനമ്പാടി’ എന്നാണ് അറിയപ്പെടുന്നത്. പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകൾ മാനിച്ച്, ഗാന്ധിജി ‘ഭാരതകോകിലം’ എന്ന പേരും നൽകിയിട്ടുണ്ട്.
സരോജിനി നായിഡു
ഇന്ത്യയുടെ വാനമ്പാടി (ഭാരതീയ കോകില) എന്നറിയപ്പെട്ട സരോജിനി നായിഡു'സരോജനി ഛട്ടോപധ്യായ' ( ഫെബ്രുവരി 13,1879 - മാർച്ച് 2,1949) ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ വനിതയും ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും സരോജിനി നായിഡു ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവയായിരുന്ന സരോജിനി നായിഡു ദണ്ഡി യാത്രയിൽ മഹാത്മാഗാന്ധിയെ അനുഗമിച്ചു, ഗാന്ധി, അബ്ബാസ് ത്യാബ്ജി, കസ്തൂർബാ ഗാന്ധി എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ സരോജിനി നായിഡു ധരാസനാ സത്യാഗ്രഹം നയിച്ചു.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ(ഉത്തർപ്രദേശ്) ആയിരുന്നു. സരോജിനി നായ്ഡുവിന്റെ പിറന്നാൾ ദിനം ഇന്ത്യയിൽ വനിതാദിനം ആയി ആചരിക്കുന്നു.
*ജീവിതരേഖ*
1879 ഫെബ്രുവരി 13-ന് ജനിച്ചു. ബംഗാളിൽ നിന്നും ഹൈദരാബാദിലേക്ക് കുടിയേറിയ ബ്രാഹ്മണ കുടുംബമായിരുന്നു ഇവരുടേത്. മദ്രാസ്, ലണ്ടൻ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തിയ സരോജിനി പഠനകാലത്ത് കവിതാരചനയിൽ മികവ് പ്രകടിപ്പിച്ചിരുന്നു. മെട്രിക്കുലേഷൻ ഒന്നാം റാങ്കോടെ പാസ്സായി. പിന്നീട് റോയൽ ലിറ്റററി സൊസൈറ്റി അംഗമായ ഇവർ വിവിധ സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. 1898-ൽ, മിശ്രവിവാഹം അസാധാരണമായിരുന്ന കാലത്ത്, ജാതിവ്യവസ്ഥയെ എതിർത്തുകൊണ്ട് അബ്രാഹ്മണനായ ഗോവിന്ദ രാജമോർ നായിഡുവിനെ വിവാഹം കഴിച്ചതോടെ ഇവർ സരോജിനി നായിഡുവായി. ഗാന്ധിജി, ഗോഖലെ എന്നിവരുടെ സ്വാധീനംമൂലം ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയായ ശ്രീമതി നായിഡു ജീവിതാന്ത്യം വരെ പൊതുരംഗത്ത് സജീവമായിരുന്നു. റൗലത്ത് ആക്റ്റിൽ പ്രതിഷേധിച്ച് ഗാന്ധിജിക്കൊപ്പം അണിനിരന്ന ആദ്യത്തെ രാഷ്ട്രീയ പ്രവർത്തകയായ ശ്രീമതി നായിഡു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിസ്സഹകരണപ്രസ്ഥാനം, നിയമനിഷേധ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി.
1925-ൽ കാൺപൂരിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനം ശ്രീമതി നായിഡുവിന് അധ്യക്ഷ പദവി നല്കി ബഹുമാനിച്ചു. 1928-29 കാലയളവിൽ യു.എസ്സിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് അമേരിക്കൻ ജനതയെ ബോധവത്കരിക്കുവാൻ അവർക്കു കഴിഞ്ഞു. ദേശീയ പ്രസ്ഥാനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി നായിഡു സ്ത്രീ വിമോചനം, സാമൂഹിക പരിഷ്കരണം, സാഹിത്യം എന്നീ മേഖലകളിലും സജീവമായിരുന്നു. സ്ത്രീകൾക്കു വോട്ടവകാശം അനുവദിച്ചു കിട്ടണമെന്ന നിവേദനം 1917-ൽ മൊണ്ടേഗുവിന് സമർപ്പിച്ച പ്രതിനിധി സംഘത്തെ നയിച്ചത് സരോജിനിയാണ്. ദണ്ഡിയാത്രയിൽ (1930) പുരുഷന്മാരെ മാത്രം ഉൾപ്പെടുത്താനാണ് ഗാന്ധിജി ആദ്യം തീരുമാനിച്ചതെങ്കിലും സ്ത്രീപക്ഷവാദിയായ സരോജിനിയുടെ ശക്തമായ ഇടപെടൽ മൂലം സ്ത്രീകളെക്കൂടി ഉൾപ്പെടുത്തുവാൻ ഗാന്ധിജി തയ്യാറായി. ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി സൂററ്റ് ജില്ലയിലെ ദർശനയിലുള്ള ഉപ്പു പണ്ടകശാല സമാധാനപരമായി കൈവശപ്പെടുത്തുവാൻ ഗാന്ധിജി നിശ്ചയിച്ചെങ്കിലും ദർശനയിലേക്ക് മാർച്ച് ചെയ്യുന്നതിനു മുമ്പ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. തുടർന്ന് ദർശനയിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയത് നായിഡുവാണ്. സ്വാതന്ത്ര്യ ലബ്ധിയെത്തുടർന്ന് യു.പി. സംസ്ഥാനത്തിന്റെ ഗവർണറായി നായിഡു നിയമിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാഗവർണറായിരുന്നു ഇവർ. കവിതയുടെ ഉപാസകയായ ഇവർ 'ഇന്ത്യയുടെ വാനമ്പാടി' എന്നാണ് അറിയപ്പെട്ടത്. പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകൾ മാനിച്ച്, ഗാന്ധിജി 'ഭാരതകോകിലം' എന്ന പേരും നല്കിയിട്ടുണ്ട്.
*കൃതികൾ*
ദി ഇന്ത്യൻ ലേഡീസ് മാഗസിനിലാണ് ഇവരുടെ ആദ്യകാല കവിതകളേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്. 1905-ൽ ആദ്യ കവിതാ സമാഹാരമായ ദ് ഗോൾഡൻ ത്രെഷോൾഡ് പ്രസിദ്ധപ്പെടുത്തി. ബേഡ് ഒഫ് ദ് ടൈം, ഒടിഞ്ഞചിറക്, പുലരിയുടെ തൂവലുകൾ എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങൾ. ഇന്ത്യൻ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകൾക്കുടമയായ ഇവരുടെ കവിതകളുടെ സമ്പൂർണസമാഹാരമാണ് രാജകീയമുരളി.