```ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ ഇന്നത്തെ തലമുറയ്ക്ക് റേഡിയോ അന്യമായെങ്കിലും റേഡിയോയിലെ വാര്‍ത്തകളും പാട്ടുകളും കേള്‍ക്കുന്നത് ദിനചര്യയായി മാറിയ കുറച്ചുപേരെങ്കിലും ഇപ്പോഴുമുണ്ട്
'കാലമെത്ര കഴിഞ്ഞാലും കാതിലങ്ങ് മുഴങ്ങീടും';
ബുധനാഴ്ച ലോക റേഡിയോ ദിനം
റേഡിയോക്കുമുണ്ട് ഒരു ദിനം. ഫെബ്രുവരി 13നാണ് ലോക റേഡിയോ ദിനമായി ആചരിക്കുന്നത്. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചതിന്റെ ആദരവ് സൂചകമായാണ് ഇത്. സംവാദം, സഹിഷ്ണുത, സമാധാനം എന്നിവയാണ് ഈ വർഷത്തെ പ്രധാന ആപ്തവാക്യം. പൊതുജനങ്ങൾക്കായി പാരീസിൽ രാവിലെ 11 മുതൽ വൈകിട്ട് നാലുമണിവരെ നീളുന്ന പൊതുപരിപാടിയും യുനെസ്കോ സംഘടിപ്പിച്ചിട്ടുണ്ട്. 2013 ല്‍ നടന്ന യുനസ്‌കോയുടെ സമ്മേളനത്തിലാണ് ഫെബ്രുവരി 13ന് ലോക റേഡിയോ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ആഗോളതലത്തില്‍ ഈ ദിനാചരണത്തിന്റെ ഭാഗമായി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക, ദൃശ്യശ്രവണ മാധ്യമങ്ങളെ ഉപയോഗിച്ച് സന്ദേശങ്ങള്‍ ലോകനേതാക്കളില്‍ എത്തിക്കുക, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ആണ് യുനസ്‌കോ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ സന്ദേശങ്ങള്‍ കൈമാറാനും ലോകത്തിലുള്ള ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാനും ഉള്ള ഏറ്റവും വിലകുറഞ്ഞ ഒരു ഉപകരണമായിരുന്നു റേഡിയോ. അടിയന്തരാവസ്ഥക്കാലത്തും മറ്റ് പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്ന കാലത്തും ജനങ്ങളുടെ ഇടയില്‍ ഈ വിവരങ്ങള്‍ എത്തിക്കുവാനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുവാനും സഹായിച്ചത് റേഡിയോ ആയിരുന്നു.1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്. റേഡിയോ ക്ലബ്ബ് ഓഫ് ബോംബെ എന്നാണ് ഈ സംപ്രേക്ഷണത്തിന് പേര് നല്‍കിയിരുന്നത്. പിന്നീട് 1927 ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയായി ഇത് മാറി. ഓള്‍ ഇന്ത്യാ റേഡിയോ എന്ന് 1956 വരെ അറിയപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആകാശവാണി എന്ന പുതിയ നാമത്തില്‍ റേഡിയോ ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചു. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ ഇന്നത്തെ തലമുറയ്ക്ക് റേഡിയോ അന്യമായെങ്കിലും റേഡിയോയിലെ വാര്‍ത്തകളും പാട്ടുകളും കേള്‍ക്കുന്നത് ദിനചര്യയായി മാറിയ കുറച്ചുപേരെങ്കിലും ഇപ്പോഴുമുണ്ട്.```