വീണ്ടുമൊരു തെയ്യക്കാലത്തിന് കാത്തുനിൽക്കാതെ യുവ തെയ്യം കലാകാരൻ അശ്വന്ത് കോൾത്തുരുത്തി വിടവാങ്ങി


പറശ്ശിനിക്കടവ് :- പുതിയൊരു തെയ്യക്കാലത്തിന് കാത്തുനിൽക്കാതെ പ്രമുഖ യുവ തെയ്യം കലാകാരൻ പി.കെ അശ്വന്ത് (20) വിടവാങ്ങി. 
ഇപ്പോൾ താമസിച്ചു വരുന്ന പൊടിക്കുണ്ടിലെ വാടക വീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് അശ്വന്തിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.  

ചെറുപ്പകാലം മുതൽക്കേ തെയ്യം രംഗത്ത് സജീവമാണ് അശ്വന്ത്. ആടിവേടൻ കെട്ടിയായിരുന്നു ആദ്യമായി തെയ്യം കലാരംഗത്തേക്ക് എത്തിയത്. തുടർന്ന് കതിവനൂർ വീരൻ മുതൽ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടി ജനഹൃദയങ്ങളിൽ അശ്വന്ത് ഇടം നേടിയിട്ടുണ്ട്.
കണ്ടനാർകേളൻ പോലുള്ള ഏറെ പ്രാധാന്യമുള്ള തെയ്യങ്ങളെപ്പോലും അരങ്ങിലെത്തിച്ച് ഭക്തജനങ്ങളുടെ ശ്രദ്ധയും പ്രശംസയും ഉൾപ്പടെ പിടിച്ചുപറ്റിയ കലാകാരനാണ് അശ്വന്ത്. 

ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. കൊറ്റാളിയിലെ വാടക വീട്ടിൽ സഹോദരൻ അദ്വൈതിനൊപ്പം താമസിച്ചു വരികയായിരുന്നു.
നണിശ്ശേരി കോൾതുരുത്തിയിലെ ജിഷയുടെയും അരോളി സ്വദേശി സൂരജിൻ്റെയും മകനാണ്. പിതാവ് സൂരജ് മഹാരാഷ്ട്രയിലാണ്. ഇദ്ദേഹം നാളെ നാട്ടിലെത്തിയ ശേഷം അശ്വന്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കും.


Previous Post Next Post