കമ്പിൽ :- പ്ലാസ്റ്റിക്കുകൾക്കിടയിൽ കിടന്നുകിട്ടിയ സ്വർണ്ണമോതിരം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ. കമ്പിൽ രണ്ടാം വാർഡിൽ പ്ലാസ്റ്റിക് ശേഖരണത്തിനെത്തിയപ്പോഴാണ് സേനാംഗങ്ങളായ പ്രീത, രാധ എന്നിവർക്ക് പ്ലാസ്റ്റിക്കുകൾക്കിടയിൽ സ്വർണ്ണമോതിരം കിടക്കുന്നതായി ശ്രദ്ധയിൽപെട്ടത്.
കമ്പിൽ സ്വദേശിനി ജാസ്മിന്റെ വീട്ടിൽ നിന്നും ആഴ്ചകൾക്ക് മുന്നേ സ്വർണ്ണമോതിരം കാണാതായിരുന്നു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനുശേഷം ഇന്ന് പ്ലാസ്റ്റിക് എടുക്കാനായി ഹരിതകർമ്മ സേനാംഗംങ്ങളായ എന്നിവർ വീട്ടിൽ എത്തിയപ്പോഴാണ് മോതിരം കണ്ടെത്തിയത്. ഉടനെ തന്നെ ഉടമയുടെ കയ്യിൽ സേനാംഗങ്ങൾ മോതിരം ഇട്ടുകൊടുക്കുകയും ചെയ്തു. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണ്ണമോതിരം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ജാസ്മിനും കുടുംബവും. കമ്പിൽ ചെറുക്കുന്ന് സ്വദേശിനിയാണ് പ്രീത. രാധ പെരുമാച്ചേരി സ്വദേശിനിയുമാണ്.