കണ്ണൂർ :- കോവിഡ് കാലത്തെ സന്നദ്ധ, പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനുള്ള സി.പി.എമ്മിൻ്റെ ഗൂഢശ്രമങ്ങളാണ് ഐ.ആർ.പി.സി.യിലൂടെ കണ്ണൂർ കോർപ്പറേഷനിലും ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും നടത്തുന്നതെന്നും ഇതിന് ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുകയാണെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി.
കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പയ്യാമ്പലത്തും മുസ്ലിം മയ്യത്തുകൾ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ മറ്റിടങ്ങളിലും സി.പി.എം. ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പ്രതിഷേധാർഹമാണ്.
സന്നദ്ധ പ്രവർത്തനത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും ഉൾപ്പെടുത്തി വളണ്ടിയർ കോർ രൂപീകരിക്കുന്നതിന് പകരം സി.പി.എം.സംഘടനയായ ഐ.ആർ.പി.സി.യെ മാത്രം റിലീഫ് ഏജൻസിയായി അംഗീകരിച്ച് ഉത്തരവിറക്കുകയാണ് ജില്ലാ ഭരണകൂടം ചെയ്തത്.
മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡും സി.എച്ച്.സെൻററുകളും കെ.എം.സി.സി.യും ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ കോവിഡിൻ്റെ തുടക്കത്തിലും ഇപ്പോഴും നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ സുവിദിതമാണ്.
എന്നാൽ ഇത്തരം പ്രവർത്തനങ്ങളെയെല്ലാം തമസ്കരിക്കുന്ന വിധത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെ ഒത്താശയോടെ നടക്കുന്ന പ്രവണതകൾ നാടിന് ഗുണം ചെയ്യില്ലെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം.
കോവിഡിൻ്റെ രണ്ടാം തരംഗം ഉണ്ടായപ്പോൾ സന്നദ്ധ പ്രവർത്തനം രാഷ്ട്രീയവത്കരിക്കുന്നുവെന്ന കെ.സുധാകൻ എം.പി.യുടെ വിമർശനത്തെ അന്ന് പരിഹസിക്കുകയാണ് സി.പി.എം. ജില്ലാ സെക്രട്ടരി ചെയ്തത്.
പുതിയ സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള സി.പി.എം.നിലപാട് അദ്ദേഹം വ്യക്തമാക്കണമെന്ന് കരീംചേലേരി ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിന് സർക്കാർ സംവിധാനങ്ങളെ ശക്തമായി പിന്തുണക്കു വാനും സഹായിക്കുവാനും മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണ്.അതോടൊപ്പം പാർട്ടി അതിൻ്റെ സംഘടനാ സംവിധാനം പോഷക സംഘടനകളുടെ സഹകരണത്തോടെ കോവിഡ് സേവന പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുവാൻ പദ്ധതികൾ ആവിഷ്കരിച്ചതായും കരീംചേലേരി പറഞ്ഞു.