കളിപറഞ്ഞ് കണ്ണൂരുകാരൻ....
കണ്ണൂർ:-കളിക്കുന്നതിന് തുല്യമാണ് കളി പറയുന്നതും. ഓരോ ടീമിന്റെയും ചരിത്രം പഠിക്കണം, കളിക്കാരുടെ ‘കടിച്ചാൽ പൊട്ടാത്ത’ പേരുകൾ മനഃപാഠമാക്കണം, കളിക്കാരെയും അവരുടെ ജഴ്സി നമ്പറും മൂവ്മെന്റ്സും കൃത്യമായി മനസ്സിലാക്കണം..
സ്ക്രീനിൽനിന്ന് കണ്ണെടുക്കാനോ നോക്കിവായിക്കാനോ പറ്റിയെന്നുവരില്ല. ഒന്നരമണിക്കൂർ നേരം കളിപറയാൻ അഞ്ചാറുമണിക്കൂറിന്റെ മുന്നൊരുക്കം വേണം.യൂറോ കപ്പ് ഫുട്ബോളിൽ വൈകിട്ട് ആറരയ്ക്കും രാത്രി 9.30-നും 12.30-നുമാണ് കളി. ഇതിനായി രാവിലെ മുതൽ മുന്നൊരുക്കം തുടങ്ങും.
കാണുന്നവർക്ക് കണ്ടിരിക്കാനും ട്രോളൻമാർക്ക് ട്രോളാനും എളുപ്പമാണ്... തത്സമയ വിവരണത്തിന്റെ പ്രയാസങ്ങളും സാങ്കേതികവശങ്ങളും പറയുന്നത് കണ്ണൂർ സ്വദേശി ബിനീഷ് കിരണാണ്. യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ മത്സരങ്ങളുടെ തത്സമയ വിവരണം നൽകുന്ന മലയാളി സംഘാംഗം.
ബിനീഷിന് പുറമെ ഷൈജു ദാമോദരൻ, എൽദോ പോൾ പുതുശ്ശേരി, ജോപോൾ അഞ്ചേരി എന്നിവരാണ് മലയാളത്തിൽ തത്സമയ വിവരണം നൽകുന്നത്. മുംബൈയിലെ സ്റ്റുഡിയോയിൽനിന്നാണ് സംപ്രേഷണം. മലയാളത്തിനുപുറമെ ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് തത്സമയ വിവരണമുള്ളത്.
സോണി സിക്സിലും സോണി ലൈവിലുമാണ് സംപ്രേഷണം.കണ്ണൂർ പള്ളിക്കുളം ‘ശ്രീവത്സ’ത്തിൽ എം.രാമകൃഷ്ണന്റെയും കെ.ലളിതയുടെയും മകനാണ് ബിനീഷ്. കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനായ ഇദ്ദേഹം തുടർച്ചയായി നാലുതവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി കളിച്ചു (ഇതിൽ രണ്ടുതവണ കേരളം ചാമ്പ്യൻമാരും രണ്ടുതവണ റണ്ണേഴ്സപ്പുമായി).
നിലവിൽ സംസ്ഥാന സബ്ജൂനിയർ ടീമിന്റെ കോച്ചാണ്. കെ.എസ്.ഇ.ബി. കണ്ണൂർ ഇലക്ട്രിക്കൽ ഡിവിഷനിൽ സൂപ്രണ്ടാണ്.
നർത്തകിയായ ഷൈജ ബിനീഷാണ് ഭാര്യ. ആര്യൻ, അർഷവിൻ, യാമിക എന്നിവർ മക്കൾ.