മ്യൂണിക്ക്: യൂറോ കപ്പിൽ ജർമനിക്ക് ഇന്ന് നിലനിൽപിനായുള്ള പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലാണ് എതിരാളികൾ. ഇന്ത്യന്‍സമയം രാത്രി ഒൻപതരയ്‌ക്കാണ് കളി തുടങ്ങുക.
സ്വന്തം ഗോളിൽ ഫ്രാൻസിന് മുന്നിൽ തലകുനിച്ച ജർമനിക്ക് ഇനിയൊരു തോൽവി കൂടി താങ്ങാനാവില്ല. മരണഗ്രൂപ്പിൽ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യം. പക്ഷേ, അതത്ര എളുപ്പമായിരിക്കില്ല. മൂന്ന് ഗോൾ ജയവുമായി തുടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് മുന്നിലുള്ളത്. അവസാന മത്സരത്തിൽ ഫ്രാൻസിനെ നേരിടും മുൻപ് പ്രീ ക്വാർട്ടറിൽ ഇടംപിടിക്കുകയാണ് പോർച്ചുഗലിന്റെ ലക്ഷ്യം. നായകനിൽ തന്നെയാണ് പോർച്ചുഗലിന്റെ പ്രതീക്ഷയെങ്കില്‍ ജർമനിയുടെ ആശങ്കയും സിആര്‍7ന്‍റെ മികവ് തന്നെ.
ഹംഗറിക്കെതിരെ രണ്ട് ഗോളടിച്ച റൊണാൾഡോയ്‌ക്കൊപ്പം ബ്രൂണോ ഹെർണാണ്ടസ്, ഡീഗോ ജോട്ട, ബെർണാഡോ സിൽവ തുടങ്ങിയവർ ചേരുമ്പോൾ ജർമനിക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. ലോക ചാമ്പ്യൻമാർക്കെതിരെ നന്നായി കളിച്ചെങ്കിലും ഗോളിലേക്കുള്ള വഴിയടഞ്ഞത് ജർമൻ കോച്ച് യോക്വിം ലോയുടെ തലവേദന കൂട്ടും. ഇതുകൊണ്ടുതന്നെ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. കിമ്മിച്ച്, ഗുൺഡോഗൻ, മുള്ളർ ഗ്നാബ്രി എന്നിവർക്കൊപ്പം കായ് ഹാവെർട്സിനെയും തിമോ വെർണറയേും പരീക്ഷിക്കാൻ സാധ്യതയുണ്ട്.
മരണഗ്രൂപ്പില്‍ മൂന്ന് പോയിന്‍റ് വീതവുമായി പോര്‍ച്ചുഗലും ഫ്രാന്‍സുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ജയമില്ലാത്ത ജര്‍മനി മൂന്നാമതും ഹങ്കറി അവസാന സ്ഥാനക്കാരുമാണ്.