ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ഇന്ത്യ-യു.എ.ഇ. യാത്രാവിലക്ക് തുടരും


ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശനവിലക്ക് തുടരുമെന്ന് യു.എ.ഇ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.). കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 16 രാജ്യങ്ങൾക്കാണ് ഏപ്രിൽ 24 മുതൽ നേരിട്ട് പ്രവേശന വിലക്കേർപ്പെടുത്തിയത്. വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും സിവിൽ ഏവിയേഷൻ അറിയിച്ചു. ഇന്ത്യയ്ക്കുപുറമേ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, കോംഗോ, ഇൻഡൊനീഷ്യ, ലൈബീരിയ, നമീബിയ, നേപ്പാൾ, നൈജീരിയ, പാകിസ്താൻ, യുഗാൺഡ, സിയെറാ ലിയോൺ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്‌നാം, സാംബിയ എന്നിവയാണ് മറ്റുരാജ്യങ്ങൾ.

നയതന്ത്ര പ്രതിനിധികൾ, ചികിത്സയ്ക്കുവേണ്ടി അടിയന്തരയാത്ര ആവശ്യമുള്ളവർ ഒഴികെയുള്ള സ്വദേശികൾക്ക് ഈ രാജ്യങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ യാത്രാനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാണ് യാത്രാവിലക്ക് നീട്ടുന്നത്. ഓരോ രാജ്യത്തെയും അവസ്ഥകൾ സർക്കാർ നിരീക്ഷിച്ചുവരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ കൈക്കൊള്ളുമെന്നും ജി.സി.എ.എ. വിശദമാക്കി.

ലക്ഷക്കണക്കിന് പ്രവാസികളാണ് യാത്രാവിലക്കിനെത്തുടർന്ന് അനിശ്ചിതത്വത്തിൽ കഴിയുന്നത്. വിസക്കാലാവധി കഴിഞ്ഞും തൊഴിൽ നഷ്ടപ്പെട്ടും മടക്കയാത്രയ്ക്ക് വഴിയില്ലാത്ത ഒട്ടേറെപ്പേരാണുള്ളത്. യാത്രാനിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നവരും ധാരാളമാണ്. അർമീനിയ, ഉസ്‌ബെക്കിസ്താൻ തുടങ്ങി യു.എ.ഇ.യുടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി യു.എ.ഇ.യിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും കാര്യമായ വർധനയാണ് ഇപ്പോഴുള്ളത്. രണ്ടുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആളുകൾ ഇത്തരത്തിൽ യു.എ.ഇ.യിലേക്ക് പോകുന്നത്

Previous Post Next Post