കൊളച്ചേരി : - പ്രകൃതിയെ സ്നേഹിക്കുകയും അതിനായി തൂലിക ചലിപ്പിക്കുകയും ചെയ്ത രണ്ട് മഹാ സാഹിത്യ പ്രതിഭകളുടെ ഓർമ്മ നിലനിർത്താൻ ഒരു വിദ്യാലയം നാട്ടു മാന്തോപ്പ് ഒരുക്കുന്നു. കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിലാണ് ഇങ്ങനെയൊരു വേറിട്ട അനുസ്മരണം നടന്നത്. തേന്മാവിൻ്റെ കഥ എഴുതിയ ബഷീറിൻ്റെ ചരമദിനത്തിലാണ് പ്രകൃതി ഉപാസകയായ സുഗതകുമാരിയുടെ പേരിൽ സ്കൂൾ പരിസരത്ത് ഇരുപതോളം വ്യത്യസ്ത നാട്ടുമാവിനങ്ങൾ നട്ടുപിടിപ്പിച്ചത്.
കേരള കൃഷി വകുപ്പിൻ്റെ സുഗതകുമാരി സ്മൃതി നാട്ടു മാന്തോപ്പ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.തൈകൾ നട്ടു കൊണ്ട് കൊളച്ചേരി കൃഷിഭവൻ കൃഷി ഓഫീസർ ഡോ.അഞ്ജു പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എസ്എസ് ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
കെ.വിനോദ് കുമാർ, സി.ബാലകൃഷ്ണൻ, രേഖ.വി, ഉഷ.പി. രേഷ്മ.വി.വി, രജിൽ രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ വി.വി.ശ്രീനിവാസൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടരി ടി.മുഹമ്മദ് അശ്രഫ് നന്ദിയും പറഞ്ഞു.