ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ സർവീസ് നിർത്തിവച്ച യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് തീവണ്ടി 23 മുതൽ വീണ്ടും സർവീസ് തുടങ്ങും. ഇതുൾപ്പെടെ കേരളത്തിലേക്ക് നാലു തീവണ്ടികൾകൂടി വരുംദിവസങ്ങളിൽ ഒാടിത്തുടങ്ങുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ കേരളത്തിലേക്ക് ഓടിത്തുടങ്ങുന്ന നാലുവണ്ടികളിൽ രണ്ടെണ്ണം പുതുതായി ആരംഭിക്കുന്നതാണ്. യശ്വന്തപുര-കൊച്ചുവേളി എ.സി. വീക്കിലി എക്സ്പ്രസ് ആണ് (07385) ഇതിൽ ആദ്യത്തേത്. വ്യാഴാഴ്ച ദിവസങ്ങളിലുള്ള ഈ തീവണ്ടിയുടെ സർവീസ് 22-ന് തുടങ്ങും. കൊച്ചുവേളി-യശ്വന്തപുര എ.സി. എക്സ്പ്രസ് സ്പെഷ്യൽ (07386) വെള്ളിയാഴ്ച ദിവസങ്ങളിൽ സർവീസ് നടത്തും. 23-ന് ഇത് ആരംഭിക്കും.
യശ്വന്തപുരയിൽ നിന്ന് പാലക്കാട്-കോഴിക്കോട്-കണ്ണൂർ വഴി മംഗളൂരു സെൻട്രലിലേക്കുള്ള എക്സ്പ്രസ് സ്പെഷ്യൽ തീവണ്ടിയാണ് (07391) മറ്റൊന്ന്. ഞായറാഴ്ചകളിലുള്ള തീവണ്ടിയുടെ സർവീസ് 25-ന് തുടങ്ങും. രാത്രി 11.55-ന് പുറപ്പെടും. തിങ്കളാഴ്ച വൈകീട്ട് 4.05-ന് മംഗളൂരുവിലെത്തും. മംഗളൂരു സെൻട്രൽ-യശ്വന്തപുര എക്സ്പ്രസ് (07392) തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. ഇത് 26-ന് തുടങ്ങും. രാത്രി 10.05-ന് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് യശ്വന്തപുരയിലെത്തും.
നേരത്തേയുണ്ടായിരുന്ന യശ്വന്തപുര-കൊച്ചുവേളി ത്രൈവാര ഗരീബ് രഥ് എക്സ്പ്രസ് (07395) പുനഃസ്ഥാപിക്കാനും റെയിൽവേ തീരുമാനിച്ചു. 29-ന് ഓടിത്തുടങ്ങും.