വെംബ്ലി: - ഇതുവരെയുള്ള പോരാട്ടങ്ങളെല്ലാം കിരീടത്തിലേക്കുള്ള യാത്രകളായിരുന്നെങ്കിൽ ഇനിയുള്ള പോരാട്ടം കപ്പുയർത്താനുള്ളതാണ്. യൂറോപ്യൻ ഫുട്ബോളിൽ കിരീടധാരണം നടക്കുമ്പോൾ ഇറ്റലിയാണോ ഇംഗ്ലണ്ടാണോ സിംഹാസനത്തിലേറുന്നതെന്നറിയാൻ മണിക്കൂറുകളുടെ ആകാംക്ഷ മാത്രമാണ് ബാക്കിയുള്ളത്.
ഫുട്ബോളിന്റെ ചരിത്രഭൂമിയിൽ, യൂറോകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ടും ഇറ്റലിയും നേർക്കുനേർ വരുന്നു. ഞായറാഴ്ച രാത്രി 12.30-നാണ് കിരീടപ്പോരാട്ടം.
ഇറ്റലിയുടെ നാലാമത്തെ ഫൈനൽ പോരാട്ടമാണ്. 1968-ൽ കിരീടം നേടി. 2000-ത്തിലും 2012-ലും ഫൈനലിൽ കീഴടങ്ങി. അതേസമയം, ഇംഗ്ലണ്ടിനിത് കന്നി ഫൈനലാണ്. 1966-ലെ ലോകകപ്പിനുശേഷം ഇംഗ്ലീഷ് ടീം കളിക്കുന്ന ആദ്യഫൈനൽ കൂടിയാണിത്. ഇറ്റലിയുടെ പത്താമത്തെ പ്രധാന ടൂർണമെന്റ് ഫൈനലാണിത്. ആറുതവണ ലോകകപ്പിലും മൂന്നുതവണ യൂറോകപ്പിലുമാണ് അവർ ഫൈനൽ കളിച്ചത്.
ഇംഗ്ലണ്ടിനെതിരായ ചരിത്രം ഇറ്റലിക്ക് അനുകൂലമാണ്. പ്രധാന ടൂർണമെന്റുകളിൽ ഇതുവരെ ഇംഗ്ലണ്ടിനോട് തോറ്റിട്ടില്ല. മൂന്ന് ജയവും സമനിലയുമാണ് ക്രെഡിറ്റിലുള്ളത്.
അവസാനം കളിച്ച 33 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇറ്റലിയുടെ കുതിപ്പ്. 27 ജയവും ആറു സമനിലയുമാണുള്ളത്. 86 ഗോളുകളും അവർ നേടി. ഇംഗ്ലണ്ട് അവസാനം കളിച്ച 12 മത്സരത്തിലും തോറ്റിട്ടില്ല. 11 ജയവും ഒരു സമനിലയുമാണുള്ളത്.