കമ്പിൽ: വെള്ളിയാഴ്ച കമ്പിലിൽ അപകടം വരുത്തിയ കാർ കഞ്ചാവ് സംഘത്തിൻ്റേതെന്ന് തെളിഞ്ഞു. കാറിലുണ്ടായ യുവാവിനെ കണ്ണൂർ ടൗൺ പോലിസ് രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയപ്പോൾ മറ്റുള്ളവർ കാറുമായി കടന്നു കളഞ്ഞാണ്അമിത വേഗതയിൽ അപകടം വരുത്തിയത്.
കണ്ണൂർ ഡി.പി.സി പി പി സദാനന്ദനു ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സറീജിനെ കണ്ണൂർ ടൗൺ പോലിസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ എസ് എച്ച് ഒ ശ്രീജിത്ത് കൊടേരി, പ്രിൻസിപ്പൽ എസ് ഐ ബിജു പ്രകാശ്,എസ് ഐ ഹാരിസ്, പോലിസുകാരായ മിഥുൻ, അജിത്ത്, രഞ്ജിത്ത് എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.
സറീജിനെതിരേ ഹോസ്ദുർഗ്, കണ്ണൂർ ടൗൺ സ്റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. ഇന്നലെ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന സറീജിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നവർ കാറുമായി രക്ഷപ്പെടുകയും പുതിയതെരുവിൽ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്ത ശേഷം കമ്പിലിൽ ഡിവൈഡറിൽ ഇടിക്കുകയും ചെയ്തിരുന്നു.
തുടർന്ന് മയ്യിൽ പോലിസ് കാർ കസ്റ്റഡിയിലെടുത്തിരിക്കയാണ്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടിരുന്നു. പ്രതികൾ കണ്ണൂർ ടൗണിൽ കഞ്ചാവ് വിൽപനയ്ക്കാണ് ലക്ഷ്യമിട്ടതെന്ന് പോലിസ് പറഞ്ഞു.