ജനകീയാസൂത്രണത്തിൻ്റെ രജതജൂബിലി ആഘോഷമാക്കി കൊളച്ചേരി പഞ്ചായത്ത്


കൊളച്ചേരി :-
ജനകീയാസൂത്രണം രജതജൂബിലി ആഘോഷം കൊളച്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. രജതജൂബിലി ആഘോഷ പരിപാടി ബഹുമാനപ്പെട്ട സബ് ജഡ്ജ് ശ്രീ രാമൂ രമേഷ് ചന്ദ്രഭാനു ഉൽഘാടനം ചെയ്തു.

കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലായി ഗ്രാമപഞ്ചായത്തിനെ നയിച്ച ഭരണകർത്താക്കള്, ഉദ്യോഗസ്ഥർ ഇവർക്ക് കരുത്തായി ജനകീയ കൂട്ടായ്മയ്ക്ക് വേണ്ടി ഗ്രാമതലത്തിൽ അഹോരാത്രം പാടുപെട്ട് പണിയെടുത്ത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തകര്, മനസ്സ് മണ്ണിൽ അർപ്പിച്ച കർഷക സുഹൃത്തുക്കള്, ആരോഗ്യപ്രവർത്തകര്, ഗ്രാമീണ ജനതയെ ജനാധിപത്യത്തിന്റെ ചരടിൽ കോർത്തിണക്കിയ ചരിത്ര ദൗത്യത്തിന് നേതൃത്വം നൽകിയ എല്ലാവരെയും ഓർത്തെടുത്ത് അനുസ്മരിച്ച് കൊണ്ടായിരുന്നു ആഘോഷം.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  അബ്ദുൾ മജീദ് കെ.പി.അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജിമ എം. സ്വാഗതം പറഞ്ഞു.

  ജനകീയാസൂത്രണം നാൾ വഴികൾ എന്ന പരിപാടിയും അവതരിപ്പിച്ചു. 1995-2000 മുതൽ 2018-2020 കാലഘട്ടം വരെയുള്ള പ്രസിഡണ്ടുമാരെ പൂക്കൾ നൽകിയും നിശ്ചിത മാതൃകയില് രൂപകല്പന ചെയ്ത മോമെൻഡോ നൽകിയും ആദരിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന് കെ.പി. അബ്ദുൽ സലാം, ക്ഷേമ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അസ്മ കെ.വി., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യൻ, പി.വി.വൽസന് മാസ്റ്റർ, അബ്ദുൽ അസീസ്,കെ.എം.ശിവദാസൻ,  എം. ദാമോദരൻ, പി. സുരേന്ദ്രൻ മാസ്റ്റർ, വേണുഗോപാൽ പി, എന്നിവർ ആശംസകൾ നേർന്നു.പഞ്ചായത്ത് സെക്രട്ടറി ശ്രീ രാഹുല് രാമചന്ദ്രന് രേഖപ്പെടുത്തി.

പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡമനുസരിച്ച്  ഓൺലൈന് സംവിധാനം ഉപയോഗിച്ച് പഞ്ചായത്തിലെ എല്ലാ പൌരന്മാർക്കും, ആദരിക്കേണ്ട വ്യക്തിത്വങ്ങൾക്കും തൽസമയം ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരം കൂടി ഏർപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.





Previous Post Next Post