കണ്ണൂർ:-കണ്ണൂർ കോർപ്പേറേഷൻ സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ കര്‍ശനമാക്കി. മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നവര്‍ തന്നെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സംസ്‌കരിക്കണമെന്നിരിക്കെ, ചിലര്‍ റോഡരികിലും ജലാശയങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റു പൊതു ഇടങ്ങളിലും ഇരുട്ടിന്റെ മറവില്‍ തള്ളുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെന്ന് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അറിയിച്ചു. പൊതുനിരത്തുകളില്‍ നിക്ഷേപിക്കുന്ന മാലിന്യം കോര്‍പ്പറേഷന്റെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചു നീക്കം ചെയ്യേണ്ടി വരുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു. കൂട്ടിക്കലര്‍ത്തി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനോ റീസൈക്ലിംഗിന് കൈമാറുന്നതിനോ തടസ്സമാവുന്നു.
മാലിന്യം റോഡിലും മറ്റ് പൊതു ഇടങ്ങളിലും വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിനായി പ്രത്യേകം ഹെല്‍ത്ത് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അമ്പതിലധികം പേരാണ് സ്‌ക്വാഡിന്റെ പിടിയിലായിട്ടുള്ളത്. ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. പിഴയടക്കാത്തവര്‍ക്കെതിരെ നിയമ പ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും- മേയര്‍ അറിയിച്ചു.
കോര്‍പ്പറേഷന്റെ അനുമതി ഇല്ലാതെ ഫുട്പാത്തുകളും പൊതു ഇടങ്ങളും കൈയേറി അനധികൃത വ്യാപാരം നടത്തുന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കും.
ഹോട്ടലുകളിലെ ശുചിത്വ നിലവാരം പരിശോധിക്കുന്നതിനും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. നിരോധിച്ച പ്ലാസ്റ്റിക് സഞ്ചികളുടേയും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെയും ഉപയോഗവും ചില ഭാഗങ്ങളില്‍ വ്യാപകമായി കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ആദ്യ ഘട്ടത്തില്‍ പത്തായിരം രൂപ വീതം പിഴ ചുമത്തും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് 25,000 രൂപയും മൂന്നാമത്തെ തവണയും പിടിക്കപ്പെടുകയാണെങ്കില്‍ 50,000 രൂപാ പിഴയും ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കും.വിവിധ പരിശോധനാ സ്‌ക്വാഡുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷൈന്‍ പി ജോസ്, കെ സി രാജീവന്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നിയാസ്, പ്രമോദ് ഹംസ, ഉദയകുമാര്‍, ജൂന റാണി, സതീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരും.