തിരുവനന്തപുരം :- സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശന നടപടികൾ പൂർത്തിയാക്കാനുള്ള അവസാന തീയതി ഒരു മാസത്തേക്കുകൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. ഒക്ടോബർ 25-ന് പ്രവേശനം പൂർത്തിയാക്കാൻ നിശ്ചയിച്ചത് നവംബർ 25 വരെയാണ് നീട്ടിയത്. തീയതി നീട്ടണമെന്ന കേരള സർക്കാറിന്റെ അഭ്യർഥന സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും.
മൂന്നാം അലോട്ട്‌മെന്റിന്റെയും മോപ്അപ്പ് കൗൺസലിങ്ങിന്റെയും തീയതികൾ പിന്നീട് തീരുമാനിക്കും. ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി(ജോസ)യുടെ പ്രവേശനനടപടികൾ 27-നേ ആരംഭിക്കൂ എന്നതിനാലാണ് പ്രവേശന നടപടികൾ നീട്ടുന്നത്. ഒക്ടോബർ 25-ന് പ്രവേശന നടപടി പൂർത്തിയാക്കണമെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ നിർദേശമുണ്ടായിരുന്നതിനാൽ രണ്ട് അലോട്ട്മെന്റുകളേ നടന്നിരുന്നുള്ളൂ.
ഐ.ഐ.ടി., എൻ.ഐ.ടി. തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അലോട്ട്‌മെന്റ് ഈ മാസം 27-ന് ആരംഭിക്കുകയേയുള്ളൂ. കേരളത്തിൽനിന്ന് ഉയർന്ന റാങ്ക് നേടി കോളേജുകളിൽ പ്രവേശനം നേടിയ കുട്ടികൾ ഐ.ഐ.ടി. പോലുള്ള സ്ഥാപനങ്ങളിലേക്കു പോകും. പ്രവേശന നടപടികൾ അവസാനിപ്പിച്ചതിനാൽ ഒഴിവുവരുന്ന ഈ സീറ്റുകളിലേക്ക് പകരം പ്രവേശനം നടത്താനുമാകില്ല. ഈ പ്രതിസന്ധി കണക്കിലെടുത്താണ് തീയതി നീട്ടാൻ സർക്കാർ തീരുമാനിച്ചത്.കനത്തമഴയെ തുടർന്നുണ്ടായ അവധി മൂന്നാം അലോട്ട്‌മെന്റ് നടപടികൾക്കു തടസ്സമുണ്ടാക്കിയിരുന്നു.